മലപ്പുറം: അന്യ സംസ്ഥാനക്കാരിയായ ബാലിക വീണ്ടും പീഡനത്തിന് ഇരയായി. ആലുവ കൊലപാതകത്തിന്റെ നടുക്കം മാറും മുൻപാണ് വീണ്ടും ഒരു ബാലികാ പീഡനത്തിന്റെ വിവരം കൂടി പുറത്തുവന്നത്. മലപ്പുറം ചേളാരിയിൽ ഇതര സംസ്ഥാനക്കാരിയായ നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. മധ്യപ്രദേശ് സ്വദേശിയായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശീതള പാനീയം കൊടുത്ത് പ്രലോഭിപ്പിച്ചാണ് പ്രതി കുട്ടിയെ കൊണ്ടുപോയതെന്ന് സ്റ്റേഷൻ ഓഫീസർ അറിയിച്ചു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകിട്ട് ചേളാരിയിലായിരുന്നു സംഭവം . ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്. കുട്ടിയുടെ മാതാപിതാക്കളും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരാണ് സംഭവം തിരൂരങ്ങാടി പൊലീസിൽ അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. പ്രതിയുടെ ഫോട്ടോ കുട്ടി തിരിച്ചറിഞ്ഞതോടെ പൊലീസ് രേഖപ്പെടുത്തി.