തിരുവനന്തപുരം: തന്റെ നിലപാടുകൾ വിവാദമാക്കേണ്ട കാര്യമില്ലെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ശശി തരൂർ എംപി. വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയതെന്ന് പറഞ്ഞ തരൂർ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്നും വ്യക്തമാക്കി. പല വിഷയങ്ങളും ചർച്ചയായെന്നും എന്നാൽ പുറത്തു പറയില്ലെന്നും തരൂർ പറഞ്ഞു. ആരെക്കുറിച്ചും പരാതികളില്ല. അഭിപ്രായങ്ങൾ മാത്രമാണ് പറഞ്ഞത്. തന്നെ എതിർക്കാനെങ്കിലും കോൺഗ്രസ് നേതാക്കൾ ഒന്നിച്ചതിൽ സന്തോഷമെന്നും തരൂർ കൂട്ടിച്ചേർത്തു.
യുവാക്കൾക്ക് ജോലി സാധ്യത കുറവാണ്. അതുകൊണ്ട് പുതിയ സംരംഭങ്ങൾ കൊണ്ടുവരണം. ഇത് ഞാൻ കുറെ വർഷങ്ങളായി പറയുന്നതാണ്. ഇതൊക്കെയാണ് ചർച്ച ചെയ്യേണ്ടത്. രാഷ്ട്രീയത്തിൽ വെറും പാർട്ടി പൊളിറ്റിക്സുകൾ മാത്രമല്ല ചർച്ച ചെയ്യേണ്ടത്. ചർച്ച വരുന്നതിൽ ഒരു തെറ്റും കാണുന്നില്ല. വിവാദമുണ്ടാക്കാനോ രാഷ്ട്രീയം കളിക്കാനോ അല്ല എഴുതിയതെന്നും ലേഖന വിവാദത്തെക്കുറിച്ച് ശശി തരൂർ പ്രതികരിച്ചു.