സ്കൂളുകളിൽ കുട്ടികൾക്കുള്ള ഇൻ്റർവെൽ സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടൻ നിവിൻ പോളി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ലഭിക്കുമെന്നും നിവിൻ പറഞ്ഞതായി മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ മന്ത്രി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ- “കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു. ഓണാശംസകൾ നേർന്നു.”
അതേസമയം, ഈ ഓണക്കാലത്ത് പ്രേക്ഷകർക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച നിവിൻ പോളി ചിത്രം രാമചന്ദ്രബോസ്സ് & കോ വിജയകരമായി പ്രദർശനം തുടരുകയാണ്. നിവിൻ പോളി – ഹനീഫ് അദേനി കൂട്ടുകെട്ടിൽ എത്തിയ ചിത്രം ഉള്ളം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.