മെൽബൺ: ഓസ്ട്രേലിയയിലെ തമിഴ് – മലയാളി സമൂഹങ്ങളുടെ ഐക്യം വിളിച്ചോതുന്ന സംഗമനിശയൊരുക്കാൻ കൈകോർത്ത് മെൽബൺ മലയാളി യൂത്ത് സൊസൈറ്റിയും(എംഎംവൈഎസ്) മെൽബൺ അസോസിയേഷൻ ഓഫ് തമിഴ് സ്റ്റുഡന്റ്സും(മാറ്റ്സ്).
“നിലാവ്’ എന്ന് പേരിട്ടിരിക്കുന്ന സംഗമം മെൽബൺ പവിലയനിൽ ജൂൺ 23-ന് അരങ്ങേറും. സംഗമത്തിന്റെ 750 ടിക്കറ്റുകൾ ഇപ്പോൾത്തന്നെ വിറ്റുപോയതായി സംഘാടകർ അറിയിച്ചു.പ്രവാസി മലയാളികളുടെ അഭിമാനമായ എംഎംവൈഎസിനൊപ്പം ചേർന്ന് “നിലാവ്’ ഐക്യനിശ സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാറ്റ്സ് ഭാരവാഹികൾ അറിയിച്ചു.
ആയിരത്തോളം പേർ ഒരുമിച്ചുകൂടുന്ന ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും ടിക്കറ്റുകൾ ആവശ്യമുള്ളവർ തങ്ങളുമായി ബന്ധപ്പെടണമെന്നും ഇരു സംഘടനകളും അറിയിച്ചു.ഓസ്ട്രേലിയൻ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായ എംഎംവൈഎസ്, “മേളം’ എന്ന പേരിൽ മെൽബണിൽ പ്രൗഢോജ്ജ്വലമായ ഓണാഘോഷം നടത്തിയ ശേഷം സംഘടിപ്പിക്കുന്ന പ്രധാന പരിപാടിയാണിത്.
രാജ്യത്തെ മറ്റ് പ്രവാസി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന എംഎംവൈഎസ് രക്തദാന ക്യാമ്പെയ്നടക്കം നടത്തിയിട്ടുണ്ട്.2021-ൽ സ്ഥാപിതമായ മാറ്റ്സ് മെൽബണിലെ തമിഴ് ജനതയ്ക്കിടയിൽ ശക്തമായ സ്വാധീനമുള്ള സംഘടനയാണ്.