വെല്ലിങ്ടണ്‍: വന്‍ ഭൂകമ്ബത്തില്‍ തകര്‍ന്ന തുര്‍ക്കിക്കും സിറിയയ്ക്കും വീണ്ടും സഹായഹസ്തം നീട്ടി ന്യൂസിലന്‍ഡ്.
ഇരുരാജ്യങ്ങള്‍ക്കുമായി നാല് മില്യന്‍ ന്യൂസിലന്‍ഡ് ഡോളറിന്റെ(ഏകദേശം 20.45 കോടി രൂപ) ധനസഹായമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തുര്‍ക്കിക്കും സിറിയയ്ക്കുമുള്ള ന്യൂസിലന്‍ഡിന്റെ മൂന്നാംഘട്ട സഹായമാണിത്.
കിവീസ് വിദേശകാര്യ മന്ത്രി നനായ മഹുത പ്രസ്താവനയിലൂടെയാണ് പുതിയ സഹായം പ്രഖ്യാപിച്ചത്. ന്യൂസിലന്‍ഡുമായി ദീര്‍ഘകാലത്തെ സുദൃഢമായ ബന്ധമുള്ള തുര്‍ക്കിയിലെ നമ്മുടെ സഹോദരങ്ങള്‍ ഇത്രയും വലിയ തോതില്‍ ദുരന്തബാധിതരാണെന്ന കാര്യം നമ്മെ വേദനിപ്പിക്കുന്നതാണെന്ന് മന്ത്രി വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. സിറിയയിലെ ഭൂകമ്ബബാധിതര് നേരത്തെ തന്നെ തീര്‍ത്തും പരിതാപകരമായ ജീവിതാവസ്ഥയിലുള്ളവരാണ്. 12 വര്‍ഷമായി സംഘര്ഷത്തിനിടയിലാണ് അവര്‍ ജീവിതം പുലര്‍ത്തുന്നതെന്നും മന്ത്രി മഹുത വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി ആറിനു പുലര്‍ച്ചെയാണ് തുര്‍ക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ ഭൂകമ്ബത്തിന്റെ തുടക്കം. ദുരന്തത്തില്‍ ആദ്യമായി സഹായവുമായി രംഗത്തെത്തിയ ലോകരാഷ്ട്രങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ്. മൂന്നാംഘട്ട സഹായംകൂടി എത്തുന്നതോടെ തുര്‍ക്കിക്കും സിറിയയ്ക്കുമുള്ള രാജ്യത്തിന്റെ ഭൂകമ്ബധനസഹായം 8.5 മില്യന്‍ ന്യൂസിലന്‍ഡ് ഡോളര്‍(ഏകേദശം 43.47 കോടി രൂപ) കടക്കും.