തിരുവനന്തപുരം: പനമ്പള്ളി നഗറില്‍ നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. റോഡിലേക്ക് നവജാതശിശു വീഴുന്ന ദൃശ്യങ്ങള്‍ ആരുടെയും മനസുലയ്ക്കുന്നതാണ്. ആരാണ് ഈ ക്രൂരമായ ചെയ്തിക്ക് പിന്നിലെങ്കിലും പഴുതടച്ച അന്വേഷണത്തിലൂടെ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും തക്കതായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, ജനിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ സമീപത്തെ ഫ്ലാറ്റിലെ താമസക്കാരിയായ യുവതി കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ 23 കാരി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
പ്രസവം നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. യുവതിയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.