കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റവും പോകുന്നവരാണ് അഭിനേതാക്കൾ. അതിനായി അഭിനേതാക്കൾ എടുക്കുന്ന തയ്യാറെടുപ്പുകൾ എന്നും ചർച്ചയാകാറുണ്ട്. അത്തരത്തിൽ മലയാളികളുടെ പ്രിയപ്പെട്ടൊരു നടന്റെ ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ ഫോട്ടോ ആണിതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മെലിഞ്ഞ് അസ്ഥിപരുവമായ രൂപം, നീണ്ടുവളർന്ന താടിയും മുടിയും വർഷങ്ങളായി വെള്ളം കണ്ടിട്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മേലാകെ പൊടി പടലങ്ങൾ. ആദ്യ കാഴ്ചയിൽ ഇത് പൃഥ്വിരാജ് തന്നെയാണോ എന്ന് തോന്നിപ്പോകും. ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ രൂപ മാറ്റം മുൻപ് വലിയ ജനശ്രദ്ധനേടിയതാണ്. ഒരുപക്ഷേ തന്റെ കരിയറിൽ ഇതാദ്യമാകും പൃഥ്വിരാജ് ഇത്തരത്തിലൊരു മാറ്റത്തിലേക്ക് എത്തിയിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിൽ തന്നെ എത്രത്തോളം ഡെഡിക്കേഷനാണ് സിനിമയ്ക്ക് വേണ്ടി പൃഥ്വി എടുത്തതെന്ന് വ്യക്തമായിരുന്നു. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ പ്രശംസയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
‘അങ്ങേരൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ റിസൾട്ടും വലുതാകട്ടെ, മോളിവുഡിന്റെ കാലിബറെന്തെന്നു ബ്ലെസ്സിയേട്ടനു സിനിമ ലോകത്തോട് വിളിച്ചോതാൻ കഴിയട്ടെ, പൃഥ്വിരാജ് സുകുമാരൻ! ആടുജീവിതം ഞെട്ടിക്കുന്ന രൂപമാറ്റം ഉറപ്പ്, ഇത് എല്ലാ ഭാഷയിലും ഹിറ്റാകും’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിന്റെ ആടുജീവിതം ആണ് സിനിമ ആകുന്നത്. ലോകസിനിമയ്ക്ക് മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്തുന്നതാകും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. 2018 ഫെബ്രുവരിയിൽ പത്തനംതിട്ടയിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ശേഷം 2022 ജൂലൈയിൽ ചിത്രത്തിന് പാക്കപ്പാവുകയും ചെയ്തു. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര് റഹ്മാന് ആണ് സംഗീതം.