ലണ്ടൻ: ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കവിതച്ച് പുതിയ ഒമിക്രോണ്‍ വകഭേദമായ ഇജി 5.1 എന്ന പുതിയ കൊവിഡ് വകഭേദം യു കെയിലാകമാനം അതിവേഗം പടരുന്നു.യു കെയിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ഈ വകഭേദത്തെ എറിസ് എന്നാണ് വിളിക്കുന്നത്.അതിവേഗം വ്യാപിക്കുന്ന ഒമിക്രോണില്‍ നിന്നാണ് ഈ വകഭേദം ഉണ്ടായിരിക്കുന്നത്.
ജൂലായ് മൂന്നിനാണ് ഈ വകഭേദം രാജ്യത്ത് ആദ്യമായി ശ്രദ്ധയില്‍പെട്ടത്. വിശദമായ നിരീക്ഷണത്തിന് ശേഷം 31ഓടെയാണ് ഇതൊരു വകഭേദമായി സ്ഥിരീകരിച്ചത്. രാജ്യത്ത് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഏഴിലൊരാള്‍ക്ക് എറിസ് ഉണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജൻസി നല്‍കുന്നത്.
മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന,ക്ഷീണം, തുമ്മല്‍ എന്നിവയാണ് എറിസ് സ്ഥിരീകരിച്ചവരില്‍ കാണുന്ന ലക്ഷണങ്ങള്‍. ബ്രിട്ടണില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇതില്‍ എല്ലാ പ്രായത്തില്‍പെട്ടവരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. എങ്കിലും പ്രായം ഏറിയവരിലാണ് രോഗം അപകടാവസ്ഥയിലെത്തുക.
മുൻപ് രോഗം ബാധിച്ചവരിലും വാക്സിൻ സ്വീകരിച്ചവരിലും സുരക്ഷാ സാദ്ധ്യതയുണ്ടെങ്കിലും ലോകരാജ്യങ്ങള്‍ എറിസ് വകഭേദത്തെ ശ്രദ്ധിക്കണമെന്നാണ് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനം ഗ്രബ്രയേസൂസ് നല്കുന്ന മുന്നറിയിപ്പ്.