ദുബൈ: ദുബൈയില്‍നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി സര്‍വിസ് വ്യാപിപ്പിക്കാൻ എമിറേറ്റ്സ് എയര്‍ലൈനും ശ്രീലങ്കൻ എയര്‍ലൈനും ധാരണയിലെത്തി.
ഇതുള്‍പ്പെടെ ശ്രീലങ്കയിലെയും ഇന്ത്യയിലേയും 15 നഗരങ്ങളിലേക്ക് ദുബൈയില്‍നിന്ന് സര്‍വിസ് വ്യാപിപ്പിക്കാനാണ് ധാരണ. നിലവില്‍ കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് ശ്രീലങ്കൻ എയര്‍ലൈൻസ് സര്‍വിസ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി സര്‍വിസ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ദുബൈയില്‍നിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ കൊളംബോയിലിറങ്ങിശേഷം അവിടെനിന്ന് അതേ ടിക്കറ്റില്‍തന്നെ ശ്രീലങ്കൻ എയര്‍ലൈൻസ് വഴി ഇന്ത്യൻ നഗരങ്ങളിലേക്കുപോകുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കും കൂടുതല്‍ ബാഗേജ് സൗകര്യവും വാഗ്ദാനം ചെയ്യുന്നതിനാല്‍ പ്രവാസികള്‍ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. srilankan.com, emirates.com എന്നീ വെബ്സൈറ്റുകള്‍ വഴിയും ഏജൻസികള്‍ മുഖാന്തരവും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. നിലവില്‍ ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ദുബൈയില്‍ നിന്നും ഫുജൈറയില്‍നിന്ന് യാത്രക്കാരെ കയറ്റി ഒമാൻ വഴി ഇന്ത്യൻ നഗരങ്ങളിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്.