ന്യൂയോര്‍ക്ക് : ടെസ്ല, സ്പേസ് എക്സ് സ്ഥാപകനും ട്വിറ്റര്‍ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്കിന്റെ സംരംഭമായ ന്യൂറാലിങ്ക് കമ്ബനി നിര്‍മ്മിച്ച ബ്രെയിൻ ചിപ്പിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ( എഫ്.ഡി.എ ) അനുമതി ലഭിച്ചു.
ന്യൂറാലിങ്ക് ആണ് ഇക്കാര്യമറിയിച്ചത്. എന്നാല്‍, ട്രയലിനായുള്ള വ്യക്തികളുടെ തിരഞ്ഞെടുപ്പ് ഉടൻ ആരംഭിക്കില്ലെന്ന് കമ്ബനി വ്യക്തമാക്കി.
നിര്‍മ്മിതബുദ്ധിയുടെ ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ) സഹായത്താല്‍ മനുഷ്യനെയും കമ്ബ്യൂട്ടറിനേയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചവയാണ് ഈ ബ്രെയിൻ ചിപ്പുകള്‍. ഇതുവരെ ബ്രെയിൻ ചിപ്പിന്റെ മൃഗങ്ങളിലെ പരീക്ഷണം തുടരുകയായിരുന്നു. ചലന ശേഷി നഷ്ടമായവര്‍ക്ക് ആശയവിനിമയം നടത്താനും പരസഹായമില്ലാതെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ചിപ്പുകള്‍ സഹായിക്കുമെന്നാണ് മസ്ക് പറയുന്നത്.
പാര്‍ക്കിൻസണ്‍സ്, ഡിമെൻഷ്യ, അല്‍ഷൈമേഴ്സ് രോഗികളിലെ ഓര്‍മ്മകള്‍ ശേഖരിക്കാനും അവ ‘ റീസ്റ്റോര്‍ ‘ ചെയ്യാനും ഈ ചിപ്പുകളിലൂടെ മസ്ക് ലക്ഷ്യമിടുന്നു. 2016ലാണ് ഇലോണ്‍ മസ്ക് ‘ ന്യൂറാലിങ്ക് ‘ സ്ഥാപിച്ചത്. മനുഷ്യരെയും യന്ത്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഹൈ ബാൻഡ്വിഡ്ത്ത് ബ്രെയിൻ – മെഷീൻ ഇന്റര്‍ഫേസുകള്‍ വികസിപ്പിച്ച് അതിലൂടെ മനസുകൊണ്ടും ചിന്തകള്‍ കൊണ്ടും മനുഷ്യനും ഉപകരണങ്ങളും തമ്മില്‍ ആശയവിനിമയം സാദ്ധ്യമാക്കുകയാണ് ന്യൂറാലിങ്ക് ബ്രെയ്ൻ ചിപ്പുകളുടെ ലക്ഷ്യം. 2020 മുതല്‍ ചിപ്പിന്റെ മനുഷ്യരിലുള്ള ട്രയലിനായി കമ്ബനി ശ്രമിക്കുന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അംഗീകാരം വൈകുകയായിരുന്നു.
കുരങ്ങുകളില്‍ ബ്രെയിൻ ചിപ്പിന്റെ പരീക്ഷണങ്ങള്‍ നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ട്രയലിനിടെ മസ്തിഷ്കത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ വയര്‍ലെസ് ചിപ്പിന്റെയും ഒപ്പം ചെറു വയറുകളുടെയും സഹായത്തോടെ ഒരു കുരങ്ങിന് സ്വന്തം മനസ്സു കൊണ്ടു മാത്രം വീഡിയോ ഗെയിം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു.
എന്നാല്‍ ബ്രെയിൻ ചിപ്പുകളുടെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ച കുരങ്ങുകളില്‍ ചിലതിന് ജീവൻ നഷ്ടമായെന്ന് ന്യൂറാലിങ്ക് കമ്ബനി തന്നെ സമ്മതിച്ചിരുന്നു. പരീക്ഷണ കാലയളവില്‍ ഇവയെ ഉപദ്രവിക്കുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കുരങ്ങുകളില്‍ പലതിനും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും കമ്ബനി വിശദീകരിച്ചിരുന്നു.