ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ രാഷ്ട്രീയപ്പോര് കടുക്കുന്നു. കൊലപാതകം ലൗ ജിഹാദാണെന്ന ആരോപണം മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചതിനെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയായുധമാക്കുകയാണ് ബിജെപി. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹുബ്ബള്ളി ധാർവാഡ് മേഖലയിൽ മുസ്ലിം സംഘടനകൾ ബന്ദ് ആചരിക്കുകയാണ്.
ഹുബ്ബള്ളിയിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമഠിന്റെ മകളാണ് കൊല്ലപ്പെട്ട നേഹ ഹിരേമഠ്. കൊലപാതകത്തിന് പിന്നിൽ ലൗ ജിഹാദാണെന്നും ഗൂഢാലോചനയുണ്ടെന്നും നേഹയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. പ്രതിയായ ഫയാസിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് കരുതുന്ന നാല് യുവാക്കളുടെ പേര് അടക്കം അന്വേഷണസംഘത്തിന് നൽകിയെങ്കിലും അവരെ അറസ്റ്റ് ചെയ്തില്ലെന്നും മാതാപിതാക്കൾ പറയുന്നു. എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങളെ ലൗ ജിഹാദെന്ന പദത്തിൽ കൊണ്ട് ചെന്ന് കെട്ടരുതെന്ന് ഇതേക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. ഇതിനെ രാഷ്ട്രീയായുധമാക്കുകയാണ് ബിജെപി. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ തന്നെ നേഹയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ജെ പി നദ്ദ ആവശ്യപ്പട്ടു. ലിംഗായത്ത് വിഭാഗത്തിൽ നിന്ന് കടുത്ത എതിർപ്പ് നേരിടുന്ന മറാഠാ ബ്രാഹ്മണസമുദായാംഗമായ ബിജെപി സ്ഥാനാർഥി പ്രൾഹാദ് ജോഷി ഈ വിഷയത്തെ വലിയ രാഷ്ട്രീയവിവാദമായി ഉയർത്തുന്നു.
അതേസമയം, വിവിധ മുസ്ലിം സംഘടനകളും സംയുക്തമായി നേഹയുടെ കൊലപാതകത്തെ അപലപിച്ച് രംഗത്ത് വന്നു. ഒരിക്കലും അംഗീകരിക്കാനാകാത്ത സംഭവമാണെന്നും, പ്രതിയായ ഫയാസിന് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും അഞ്ജുമാൻ എ ഇസ്ലാം എന്ന സംയുക്ത മുസ്ലിം സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇന്ന് ഹുബ്ബള്ളി ധാർവാഡ് മേഖലയിൽ മുസ്ലിം സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദാണ്. ഒരു മുസ്ലിം അഭിഭാഷകൻ പോലും ഫയാസിന് വേണ്ടി ഹാജരാകില്ലെന്നും മുസ്ലിം സംഘടനകളുടെ കൂട്ടായ്മ വ്യക്തമാക്കി. ഇതിനിടെ നേഹയ്ക്ക് എതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച രണ്ട് ഹുബ്ബള്ളി സ്വദേശികളെ ധാർവാഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.