തിരുവനന്തപുരം: എ-ഐക്കെതിരായ സമീപനത്തിൽ ഇരട്ടത്താപ്പുമായി സിപിഎം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എ-ഐ എന്നാണ് പാർട്ടി കോൺഗ്രസ്സിനായുള്ള രാഷ്ട്രീയപ്രമേയത്തിലെ വിമർശനം. എന്നാൽ സംസ്ഥാന സമ്മേളനത്തിൻറെ പ്രചരണാർത്ഥം തയ്യാറാക്കിയത് ഇകെ നായനാരുടെ എഐ വീഡിയോ ആണ്.
ഭരണത്തുടര്‍ച്ചയെ കുറിച്ച് സംസാരിക്കുന്നത് ഇകെ നായനാരാണ്. എന്തുകൊണ്ട് ഇടതുപക്ഷമെന്നും ഇടതിന്റെ ജനകീയ അടിത്തറ എന്തെന്നും വ്യക്തമാക്കിയാണ് സംസ്ഥാന സമ്മേളന വേദിയിലേക്ക് ഇകെ നായനാര്‍ അണികളെ ക്ഷണിക്കുന്നത്. എ-ഐ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ എഐ നിലപാടും ചര്‍ച്ചയാകുന്നത്.
ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നാൽ വ്യക്തി വിവരങ്ങൾ ചോര്‍ത്തുന്നതാണെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്നുമാണ് പാര്‍ട്ടി കോൺഗ്രസിന് മുന്നോടിയായി തയ്യാറാക്കിയ കരടൃ് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്. പറഞ്ഞ് കുടുങ്ങിയും പിന്നീട് തിരുത്തിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഒടുവിൽ പാര്‍ട്ടി ലൈനിന് ഒപ്പമെത്തി. ഇതിനിടക്കാണ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ വീഡിയോ പ്രചരിച്ചതും ചര്‍ച്ചയാകുന്നതും.