പുരി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ നവീകരിച്ച പ്രദക്ഷിണ വഴിയും, പദ്ധതികളും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഉദ്ഘാടനം ചെയ്തു. 800 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയത്. പുരി രാജകുടുംബാംഗം ദിബ്യാസിംഗ ദേബ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഒഡിഷ സർക്കാരിന്റെ അഭിമാന പദ്ധതിയാണ് പുരി പൈതൃക ഇടനാഴി. പുരിയിൽ നിന്ന് തുടങ്ങുയാണ് ഒഡിഷ എന്ന് വേണം പറയാൻ. കലിംഗയുടെ ചരിത്രം പേറുന്ന പൌരാണിക നഗരമാണ് പുരി.
ഈ പ്രൌഡിയുടെ കൊടിക്കൂറ ചാർത്തിയാണ് ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സാംസ്കാരിക സമ്പന്നതയ്ക്കപ്പുറം ദാരിദ്രം നിഴലിച്ച തെരുവുകളും ഇടുങ്ങിയ പാതകളുമെല്ലാം ഇവിടെ മുഖം മിനുക്കിയിട്ടുണ്ട്. 2019 ലാണ് ഒഡിഷയുടെ രാഷ്ട്രീയ ഭീഷ്മാചാര്യൻ നവീൻ പട്നായിക് തന്റെ സ്വപ്ന പദ്ധതിയിലേക്ക് ചുവടു വച്ചത്. പുരി പൈതൃക ഇടനാഴി. ജഗന്നാഥ ക്ഷേത്രത്തിന് പ്രദക്ഷിണ വഴിക്കായി 17 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. നഷ്ട പരിഹാരം ഉറപ്പാക്കിയതോടെ നടപടികൾ സുഗമമായി. തീർത്ഥാടന പാതയിൽ വാണിജ്യ സമുച്ചയങ്ങളൊരുങ്ങി, ദേശീയ പാതയിൽ നിന്നും ക്ഷേത്രത്തിലേക്ക് മാത്രമായി ബൈപാസ് റോഡാണ് സജ്ജമാക്കിയിട്ടുള്ളത്.
ഒഡീഷയിൽ വരാനിരിക്കുന്നത് പുരി വിമാനത്താവളമടക്കമുളള വൻ പദ്ധതികളാണ്. 2024 ൽ ഒഡീഷയെ കാത്തിരിക്കുന്നത് രണ്ട് പോർമുഖങ്ങളാണ് ലോക്സഭയും പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും. ഇടഞ്ഞല്ലെങ്കിലും എതിരാളി ബിജെപി തന്നെ. രാമക്ഷേത്രമുയർത്തുന്ന രാഷ്ട്രീയ മുദ്രാവാക്യത്തെ അതേ നാണയത്തിൽ നേരിടുകയാണ് ഒഡീഷയിൽ ബിജെഡി. മാറുന്ന ഇന്ത്യൻ രാഷ്ട്രീയത്തിനൊപ്പം മുഖം മിനുക്കുകയാണ് പുരി ജഗന്നാഥ ക്ഷേത്രവും.