കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയാണ് തള്ളിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു. എന്നാൽ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു.