ചെന്നൈ: ഭിന്നശേഷിക്കാരുടെ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ശിവക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിൽ നേരിടേണ്ടി വന്നത് കടുത്ത അപമാനം. ബസിൽ കയറാനെത്തിയ സച്ചിനോട്, ഭിന്നശേഷിക്കാരെ ബസിൽ കയറ്റില്ലെന്ന് കണ്ടക്ടർ പറഞ്ഞു. പിന്നീട് ബസിൽ സീറ്റ് നിഷേധിക്കുകയും അസഭ്യം പറയുകയും ചെയ്തു. തനിക്കേറ്റ അപമാനം വീഡിയോയിൽ പകർത്തിയ താരം സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. സംഭവം വിവാദമായതോടെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.
സച്ചിൻ ശിവ മധുരയിലേക്ക് യാത്ര ചെയ്യാനാണ് ചൊവ്വാഴ്ച രാത്രി ചെന്നൈ കോയമ്പേട് ബസ് സ്റ്റേഷനിലെത്തിയത്. ശുചിമുറി സൗകര്യമുള്ള ബസിൽ കയറാനൊരുങ്ങവേയാണ് കണ്ടക്ടർ സച്ചിനെ തടഞ്ഞത്. പ്രതിഷേധിച്ച സച്ചിനെ അപമാനിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഭിന്നശേഷിക്കാർക്ക് ബസിൽ യാത്ര ചെയ്യാൻ അനുവാദമില്ലെന്ന് പറഞ്ഞാണ് കണ്ടക്ടർ രാജ സച്ചിനെ തടഞ്ഞത്.സച്ചിൻ തന്നെയാണ് തനിക്കേറ്റ അപമാനം വീഡിയോയിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ബസിന് മുമ്പിൽ സച്ചിൻ ശിവ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും താരത്തെ കയറ്റാതെ വാഹനം വിട്ടുപോവുകയായിരുന്നു. പിന്നീട് മറ്റൊരു ബസിലാണ് സച്ചിൻ യാത്ര ചെയ്തത്. യാത്രക്കിടെ വീഡിയോ പുറത്തുവിടുകയും ചെയ്തു. ദേശീയ ടീമിൽ അംഗമായ തനിക്ക് പൊതു ഗതാഗത സംവിധാനത്തിൽ ഇതാണ് അനുഭവമെങ്കിൽ സാധാരണ ഭിന്നശേഷിക്കാരുടെ അവസ്ഥ എന്താണെന്ന് സച്ചിൻ ചോദിക്കുന്നു.
സംഭവം വിവാദമായതോടെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. സച്ചിനെ നേരിട്ട് കണ്ട് വിവരം അന്വേഷിച്ചറിഞ്ഞ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. മധുര സ്വദേശിയായ സച്ചിൻ ശിവ കഴിഞ്ഞ 6 വർഷമായി ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സച്ചിൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായത്.