സിഡ്നി: ഓസ്ട്രേലിയയിൽ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി സെൻ്റർ ഫോർ പോപ്പുലേഷന്റെ റിപ്പോർട്ട്. കുതിച്ചുയരുന്ന ജീവിതച്ചെലവ് മൂലം കുഞ്ഞുങ്ങൾ ജനിക്കുന്നത് താമസിപ്പിക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിച്ചതായി സർക്കാർ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. കുടുംബമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കാൻ സർക്കാർ പുതിയ നയങ്ങൾ രൂപീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ജനസംഖ്യയെക്കുറിച്ച് സംസ്ഥാന ഫെഡറൽ ഗവൺമെൻറുകൾക്ക് നിർദേശം നൽകുന്ന ഏജൻസിയാണ് സെന്റർ ഫോർ പോപ്പുലേഷൻ. ഭവനപ്രതിസന്ധിയാണ് ചെറുപ്പക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നനം. ഉയർന്ന വീട്ടുവാടകയും അനുബന്ധ ചെലവുകളും മൂലം, കുട്ടികളെ ആഗ്രഹിക്കുന്നവർ പോലും വേണ്ടെന്നു വയ്ക്കാൻ നിർബന്ധിതരാകുന്നു. ഇത്തരത്തിൽ തീരുമാനമെടുക്കുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
2030-കളോടെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ജനനനിരക്ക് കുറയുന്നത് ഒരു രാജ്യത്തിന് സാമൂഹികവും സാമ്പത്തികവുമായും വലിയ വെല്ലുവിളികൾ സൃഷ്ടിക്കും.2007 മുതൽ ഓസ്ട്രേലിയയിലെ മധ്യവർഗ തൊഴിലാളി കുടുംബങ്ങളുടെ ജീവിതച്ചെലവ് 55 ശതമാനം വർധിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ ശരാശരി വേതനം 70 ശതമാനമായി ഉയർന്നു. എന്നാൽ ഭവനങ്ങളുടെ മൂല്യം എന്നത്തേക്കാളും വേഗത്തിലാണ് ഉയർന്നത് – അതായത് 150 ശതമാനത്തോളം, സാധാരണക്കാർക്ക് വീടോ അപ്പാർട്ട്മെന്റോ വാങ്ങുന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറി.
ഈ ജനസംഖ്യാപരമായ മാറ്റത്തിൻ്റെ പ്രത്യാഘാതങ്ങൾ ആഴമേറിയതും ദൂരവ്യാപകവുമാണെന്ന് ഗവേഷകർ പറയുന്നു. ഇത് ആരോഗ്യ സംരക്ഷണം, തൊഴിൽ മേഖല, സാമൂഹിക ക്ഷേമ സംവിധാനങ്ങൾ, സാമ്പത്തിക വളർച്ച എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്ക് വെല്ലുവിളികൾ ഉയർത്തുന്നുവെന്ന് ഗവേഷകർ പറയുന്നു.