മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ചിത്രമായി മാറിയിരിക്കുകയാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം മുതൽ ചർച്ച ചെയ്യപ്പെട്ട നജീബ് എന്ന കഥാപാത്രമായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. സിനിമ കണ്ട് നജീബ് അനുഭവിച്ചതിന്റെ വ്യാപ്തി എത്രത്തോളം ആണെന്ന് മനസിലാക്കിയ ഓരോ പ്രേക്ഷകന്റെയും കണ്ണ് ഈറനണിഞ്ഞിരുന്നു. അന്ന് മുതൽ നജീബ് വീണ്ടും ചർച്ചകളിൽ ഇടംനേടി. ഇപ്പോഴിതാ യഥാർത്ഥ നജീബുമായി പൃഥ്വിരാജ് നടത്തിയ അഭിമുഖം പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘റീൽ ആൻഡ് റിയൽ ജേർണി’ എന്ന പേരിൽ നിർമാതാക്കളായ വിഷ്വൽ റൊമാൻസിന്റെ യുട്യൂബ് ചാനൽ വഴിയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. 1991ലാണ് വീട്ടിലെ പ്രാരാബ്ദം കാരണം വിദേശത്തേക്ക് പോകുന്നതെന്ന് നജീബ് വീഡിയോയിൽ പറയുന്നുണ്ട്. താൻ മുൻപും യഥാർത്ഥ ആളുകളെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇതാദ്യമായാണ് അങ്ങനെ ഒരാളെ നേരിൽ കാണുന്നതെന്നും പൃഥ്വി പറയുന്നുണ്ട്. അത് താൻ ദൈവീക അനുഭവമായാണ് കാണുന്നതെന്നും നടൻ പറഞ്ഞു. പിന്നീട് അതിജീവനത്തിന്റെ കാര്യങ്ങൾ നജീബ് പൃഥ്വിയോട് പറയുന്നുണ്ട്.
ഇത്തരം അനുഭവങ്ങളുണ്ടായിട്ടുള്ള വ്യക്തികളുടെ പ്രതിനിധിയായി തിരഞ്ഞെടുത്തതാണ് നജീബിനെ എന്നും ദൈവം തെരഞ്ഞെടുത്ത ആളാണ് അദ്ദേഹമെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. അർബാബിനെ കൊന്നിട്ട് രക്ഷപ്പെടാം എന്ന ചിന്തി മനസിൽ ഉണ്ടായിരുന്നുവെന്നും നജീബ് പറഞ്ഞു. നോവലിന് ശേഷമാണ് താൻ അനുഭവിച്ച കാര്യങ്ങൾ പൂർണമായും വീട്ടുകാർ അറിയുന്നതെന്നും നജീബ് വ്യക്തമാക്കുന്നുണ്ട്.ഇരുവരുടെയും സംസാരത്തിനിടയിൽ പൃഥ്വിയും ഇമോഷണൽ ആകുന്നുണ്ട്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് പൃഥ്വിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് എത്തുന്നത്. അതേസമയം, നാല് ദിവസത്തില് അന്പത് കോടി കളക്ഷന് നേടിയ ചിത്രം ഇതിനോടകം 60 കോടിക്ക് മേല് നേടിക്കഴിഞ്ഞു.