ജപ്പാന്റെ കറുത്ത ദിനമെന്ന് അറിയപ്പെടുന്ന നാഗസാക്കി ദിനമാണ് ഇന്ന്. അതായത്, അമേരിക്ക ജപ്പാൻ നഗരമായ ഹിരോഷിമയില്‍ അണുബബോംബ് വര്‍ഷിച്ചതിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും ആഗസ്റ്റ് 6ന് ഹിരോഷിമ ദിനം ആചരിക്കുന്നു.
ഹിരോഷിമയിലെ ഈ ആക്രമണം കഴിഞ്ഞ് അമേരിക്ക വെറുതെയിരുന്നില്ല. ആഗസ്റ്റ് 9ന് അടുത്ത അണുബോംബ് മറ്റൊരു ജാപ്പനീസ് നഗരമായ നാഗസാക്കിയില്‍ പതിക്കുകയും, 80,000ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും ചെയ്തു.
ഇതിന്റെ 78-ാം വാര്‍ഷികമാണ് ഇന്ന് ആചരിക്കുന്നത്. 4630 കിലോ ടൻ ഭാരമുള്ള ഉഗ്ര സ്ഫോടക ശേഷിയുള്ള ഫാറ്റ് മാൻ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബാണ് അന്ന് നാകസാക്കിയില് വര്‍ഷിച്ചത്. വിമാനം പറപ്പിച്ചത് ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ് സ്വിനിയായിരുന്നു.
അമേരിക്കയുടെ ആദ്യ ലക്ഷ്യം കോക്കുറ നഗരമായിരുന്നു. എന്നാല്‍ വ്യവസായശാലകളില്‍ നിന്ന് ഉയര്‍ന്ന പുക തടസം സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന് ലക്ഷ്യസ്ഥാനം നാഗസാക്കിയിലേക്ക് മാറ്റുകയായിരുന്നു. നഗരത്തിന് നാലര മൈല്‍ ചുറ്റളവിലുള്ള സര്‍വതും നശിച്ചു. ഹിരോഷിമയില്‍ അറ്റോമിക് ബോംബ് വര്‍ഷിച്ചിട്ടും ജപ്പാൻ പിൻവാങ്ങാത്തതിനാലാണ് നാഗസാക്കിയില്‍ അടുത്ത ആക്രമണം അമേരിക്ക നടത്തിയത്. ഇതിനെ തുടര്‍ന്ന് സെപ്തംബര്‍ രണ്ടിന് ജപ്പാൻ ഔദ്യോഗികമായി കീഴടങ്ങി. ഇതോടെ രണ്ടാം ലോക മഹായുദ്ധത്തിനും അവസാനമായി.
ബോംബ് വീണ സമയം ഉണ്ടായ നഷ്ടങ്ങളെക്കാള്‍ ഭീകരമായിരുന്നു പിന്നീടങ്ങോട്ടുണ്ടായത്. മൂന്നര ലക്ഷത്തോളം പേര് വസിക്കുന്ന നാഗസാക്കിയില്‍ ആ വര്‍ഷം അവസാനമായപ്പോള്‍ മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തായി. അണുവികിരണം മൂലം പിന്നെയും ദശാബ്ദങ്ങളായി ഇതിന്റെ പ്രതിഫലനം അവിടെ കണ്ടുകൊണ്ടിരുന്നു.
അമേരിക്ക തൊടുത്തുവിട്ട ബോംബ് വീണത് അന്നുണ്ടായിരുന്ന ജനതയില്‍ മാത്രമല്ല, വരാനിരിക്കുന്ന തലമുറയില്ക്കൂടിയായിരുന്നു. ബോംബാക്രമണം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ആയിരക്കണക്കിനാളുകള്‍ വികലാംഗരായും മാരകരോഗങ്ങള്‍ വഹിച്ചും നാഗസാക്കിയില്‍ കഴിയുന്നു.
യുദ്ധത്തിന്റെ തുടക്കം
1941 ഡിസംബര്‍ ഏഴിന് അമേരിക്കന്‍ നാവികസങ്കേതമായ പേള്‍ ഹാര്‍ബറും ബ്രിട്ടീഷ് യുദ്ധക്കപ്പലായ പ്രിന്‍സ് ഒഫ് വെയില്‍സും ജപ്പാന് ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും ജപ്പാനെതിരായി യുദ്ധം പ്രഖ്യാപിച്ചു. 1945 ജൂലൈ 26 ന് അമേരിക്കൻ പ്രസിഡൻറ് ഹാരി എസ്. ട്രൂമാനും മറ്റ് സഖ്യനേതാക്കളും പോട്ട്സ് ഡാമില്‍ സമ്മേളിച്ച് ജപ്പാനോട് കീഴടങ്ങുവാന്‍ ആവശ്യപ്പെട്ടു. പിന്നാലെയായിരുന്നു ലോകം കണ്ട കൊടുംക്രൂരതയുടെ അരങ്ങേറ്റം.
1945 ആഗസ്റ്റ് ആറാം തീയതി, അന്നൊരു തിങ്കളാഴ്ചയായിരുന്നു. പുലര്‍ച്ചെ ശാന്ത സമുദ്രത്തിലെ മറിയാനാ ദ്വീപുസമൂഹത്തിലെ ടിനിയന് ദ്വീപില്‍നിന്ന് എനോളഗെ ബി 29 എന്ന അമേരിക്കന്‍ ബോംബര്‍ വിമാനം 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാനിലെ ഹോണ്‍ഷൂ ദ്വീപ് നഗരമായ ഹിരോഷിമ ലക്ഷ്യമാക്കി പറന്നു. വിമാനത്തിന്റെ ഉള്‍വശത്ത് 12 സൈനികരും പുറത്ത് ഒരു കൊളുത്തില്‍ തൂങ്ങി സര്‍വ്വസംഹാരിയായ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബും. ഹിരോഷിമയിലെ ജനങ്ങള്‍ പതിവുപോലെ തന്നെ തങ്ങളുടെ ജോലികള്‍ക്ക് പുറപ്പെടുന്ന തിരക്കിലായിരുന്നു. യുദ്ധ സമയമായതിനാല്‍ തന്നെ വ്യോമാക്രമണ ഭീഷണിയുടെ സൈറണ്‍ മുഴങ്ങിയതിനാല്‍ പലരും ഓടി ട്രഞ്ചുകളില്‍ കയറി ഒളിച്ചു. വിമാനം ഹിരോഷിമ നഗരത്തിനു മുകളിലെത്തിയ സമയം പൈലറ്റ് ബ്രിഗേഡിയര്‍ ജനറല്‍ പോള്‍ വാര്‍ഫീല്‍ഡ് ടിബ്ബെറ്റ് ജൂനിയര്‍ ലിറ്റില്‍ ബോയിയെ വേര്‍പെടുത്തി. ഹിരോഷിമ നഗരത്തിലെ റ്റി ബ്രിഡ്ജായിരുന്നു (‘T’ ആകൃതിയിലുള്ള പാലം) ലക്ഷ്യം വെച്ചതെങ്കിലും അവിടെ നിന്നും 800 അടി മാറിയാണ് ബോംബ് പതിച്ചത്. അതിശക്തമായമായ ചൂടില്‍ ഹിരോഷിമ ഉരുകി ഒലിച്ചു. ചുറ്റും സംഭവിക്കുന്നതെന്നറിയാതെ ജനങ്ങള്‍ പരക്കം പാഞ്ഞു. എങ്ങും ചുകന്ന അഗ്നിഗോളങ്ങളും കത്തിക്കരിഞ്ഞ പച്ച മാംസത്തിന്റെ ഗന്ധവും മാത്രം. ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങിയ കൂണ് മേഘങ്ങള്‍. നിസഹായരായ മനുഷ്യരുടെ കൂട്ട നിലവിളികളും ആര്‍ത്തനാദങ്ങളും, മനുഷ്യന്റെയും മൃഗങ്ങളുടെയും മൃതശരീരങ്ങള്‍, ശരീരമാസകലം പൊള്ളലേറ്റ് വികൃതമായ മനുഷ്യരൂപങ്ങള്‍ എന്നീ കാഴ്ചകള്‍ മാത്രം അവശേഷിച്ചു.
ബോംബില്‍ നിന്നുണ്ടായ സംഹാര ശക്തി 35% ചൂട്, 50% കാറ്റ്, 15% ശതമാനം അണുപ്രസരണം എന്നിങ്ങനെയായിരുന്നു. തീനാളങ്ങള്‍ ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായ ഹിരോഷിമയെ വിഴുങ്ങി. 15,000 ടണ്‍ ടി.എന്‍.ടിയുടെ ശക്തിയുള്ള ബോംബ് കരിച്ചുകളഞ്ഞത് 13 ചതുരശ്ര കി.മീ. വരുന്ന ജനവാസമേഖലയെയാണ്. അടങ്ങാത്ത യുദ്ധാര്‍ത്തിയുടെ ഫലമായി മണ്ണില്‍ പിടഞ്ഞുവീണു മരിച്ചത് ഒരുലക്ഷത്തിലേറെ മനുഷ്യജീവനുകളാണ്. പൊള്ളലേറ്റും മുറിവേറ്റും നീറി നീറിക്കഴിഞ്ഞ നിരവധിയാളുകള്‍ പിന്നീടുള്ള ദിവസങ്ങളില്‍ പിടഞ്ഞ് പിടഞ്ഞ് മരിച്ചു. ഇതിന്റെ അനന്തരഫലമായി അണുവികിരണത്തില്‍പ്പെട്ട് ജനിതക വൈകല്യങ്ങളിലേയ്ക്ക് ജനിച്ചു വീണത് 2 ലക്ഷത്തോളം പേര്. ജപ്പാന് അമേരിക്കയുടെ പേള്‍ഹാര്‍ബര്‍ തുറമുഖത്ത് നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയെന്നോണമായിരുന്നു ഹിരോഷിമയിലെ ഈ അണുബോംബ് ആക്രമണം. ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചതിനു ശേഷം അമേരിക്കന്‍ പ്രസിഡൻറ് ട്രൂമാന് പറഞ്ഞത് ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തിന്റെ ഒരു പെരുമഴതന്നെ നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നായിരുന്നു. എന്നാല്‍ കീഴടങ്ങാനായി ജപ്പാനീസ് ചക്രവര്‍ത്തി ചില വ്യവസ്ഥകള്‍ മുന്നോട്ടുവച്ചു.
എന്നാല്‍ ഇത് അംഗീകരിക്കാൻ വിസമ്മതിച്ച അമേരിക്ക മറ്റൊരു ആക്രമണം കൂടി നടത്തി. ഇത്തവണ മനുഷ്യ വേട്ടക്കായി തെരഞ്ഞെടുക്കപ്പെട്ടത് ഫാറ്റ്മാനായിരുന്നു. മൂന്നു ദിവസങ്ങള്‍ക്കു ശേഷം ആഗസ്റ്റ് ഒമ്ബതിന് രാവിലെ 11 മണിയോടെ നാഗസാക്കിയും തീഗോളം വിഴുങ്ങി. നാല്‍പ്പതിനായിരം പേര് തല്‍ക്ഷണം മരിച്ചു വീണു. മരണസംഖ്യക്ക് കുറവൊന്നും വന്നില്ല. ഹിരോഷിമയിലെ അത്രയും ആളുകള്‍ തന്നെ നാഗസാക്കിയിലും മരിച്ചു വീണു. ലോകചരിത്രത്തില്‍ ഇന്നേവരെ ആണവായുധം പ്രയോഗിക്കപ്പെട്ട രണ്ട് സന്ദര്‍ഭങ്ങളായിരുന്നു ഇവ. യുദ്ധത്തില്‍ ജയിക്കാനായി സഖ്യ കക്ഷികളില്‍ പെട്ട അമേരിക്കയുടെ മഹാപാതകത്തിന്റെ ഫലമായി ആഗസ്റ്റ് 15ന് ജപ്പാന് കീഴടങ്ങല്‍ പ്രഖ്യാപിച്ചതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകയുദ്ധത്തിന് അവസാനം കുറിച്ചു. എന്നാല്‍ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ജപ്പാൻ അതില്‍ വിലപിച്ചരിക്കാതെ വര്‍ദ്ധിത വീര്യത്തോടെ തിരിച്ചു വന്നു. വിധിയോട് പൊരുതി നേടിയ അവരുടെ വിജയങ്ങള്‍ കാണണമെങ്കില്‍ അണുബോംബ് തകര്‍ത്ത ഹിരോഷിമയുടെയും നാഗസാക്കിയുടെയും ചിത്രങ്ങള്‍ ഗൂഗിളില്‍ പരതിയാല്‍ മതി. അത്രക്ക് മനോഹരമായാണ് അവര്‍ ആ നഗരങ്ങള്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്. ഇനിയൊരു യുദ്ധം നമുക്ക് വേണ്ടെന്ന സന്ദേശം പകര്‍ന്നു കൊണ്ട്.