തൃശൂര്‍ : അവണൂരില്‍ ഗൃഹനാഥന് മരിച്ചത് ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അമ്മാത്ത് വീട്ടില്‍ ശശീന്ദ്രനാണ് മരിച്ചത്. ചന്ദ്രന്റെ അമ്മയെയും ഭാര്യയെയും രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും ഛര്ദ്ദിയെത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെ എടിഎമ്മില്‍ നിന്നു പണമെടുക്കാനെത്തിയ ശശീന്ദ്രന് കുഴഞ്ഞു വീഴുകയായിരുന്നു. എടിഎമ്മിന് സമീപത്തെ കോഫീ ഹൗസില്‍ നിന്നു ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങിയ ഡോക്ടര്‍മാരുടെ സംഘത്തിന് മുന്നിലാണ് ശശീന്ദ്രന് കുഴഞ്ഞു വീണത്. വേഗത്തില്‍ തന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന നാലു പേരെ അവശ നിലയില്‍ കണ്ടെത്തി. മൂന്നുപേരെ മെഡിക്കല്‍ കോളേജിലേക്കും ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ശശീന്ദ്രന്റെ ഭാര്യ ഗീത, തെങ്ങുകയറ്റ തൊഴിലാളികളായ രാമചന്ദ്രന്, ചന്ദ്രന് എന്നിവരെയാണ് തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചത്. ശശീന്ദ്രന്റെ അമ്മയെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. മെഡിക്കല്‍ കോളെജിലെത്തിച്ച മൂന്നുപേര്‍ക്കും ശശീന്ദ്രന്റെ സമാന ലക്ഷണങ്ങളാണെന്ന് കണ്ടതോടെ ഡോക്ടര്‍മാര്‍ പൊലീസിനെ വിളിച്ചു വരുത്തി. വിശം ഉള്ളില്‍ ചെന്നതാകാമെന്ന സംശയത്തില്‍ ശശീന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോര്ർട്ടത്തിന് അയച്ചു. വീട്ടില്‍ നിന്ന് ഇഡ്ഡലിയും കറികളും കഴിച്ചെന്ന് ചികിത്സയിലുള്ളവര്‍ മൊഴി നല്കി. വീട്ടിലുണ്ടായിരുന്ന ശശീന്ദ്രന്റെ മകന് കഴിച്ചതുമില്ല. പോസ്റ്റ്മോര്‍ട്ടം പരിശോധനാഫലം വരുന്ന മുറയ്ക്കേ കാര്യങ്ങളില്‍ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.