ദില്ലി: സ്വാതന്ത്ര്യം ലഭിച്ച് ആദ്യത്തെ ആറ് മാസം മാത്രം ഭരണഘടനയിലെ 341ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് സംവരണം ലഭിച്ച വിഭാഗമാണ് രാജ്യത്ത ദളിത് മുസ്ലീമുകള്‍. 1950 ഓഗസ്റ്റ് 10 നാണ് രാഷ്ട്രപതി സംവരണം ലഭിക്കേണ്ട വിഭാഗത്തില്‍ നിന്ന് ദളിത് മുസ്ലീമുകളെ ഒഴിവാക്കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലീമുകളില്‍ ലക്ഷക്കണക്കിന് പേരെയാണ് ഈ തീരുമാനം സാരമായി ബാധിച്ചത്. സംവരണം സംബന്ധിച്ച ഭരണഘടനാ ചര്‍ച്ചകളില്‍ മൌലാന അബുള്‍ കലാം ആസാദ്, ഹുസൈന് ഭായി ലാല്‍ജി, തജമ്മുല്‍ ഹുസൈന്, ബീഗം അയ്ജാസ് റസൂല്‍, മൌലാന ഹിഫ്സൂര്‍ റഹ്മാന് അടക്കമുള്ളവരാണ് ദളിത് മുസ്ലീമുകള്‍ക്ക് സംവരണം നല്‍കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്തതെന്നാണ് ഓള് ഇന്ത്യ പസമാന്‍ത മഹസ് പ്രസിഡന്റ് ഷമീം അന്‍സാരി പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.
പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിന് വേണ്ടി സര്‍ദാര്‍ വല്ലഭായി പട്ടേലും ഡോ ബി ആര് അംബേദ്കറും ശക്തമായ നിലപാട് സ്വീകരിച്ചപ്പോഴായിരുന്നു ഈ എതിര്‍പ്പ് ഉയര്‍ന്നത്. മുസ്ലിം വിഭാഗത്തില്‍ ഇതര മത വിഭാഗങ്ങളില്‍ കാണുന്നത് പോലെ ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ഇല്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ അവകാശ സംരക്ഷണ സമിതിയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരുടെ നിലപാട്. മുസ്ലിം വിഭാഗത്തില്‍ വേര്‍തിരിവില്ലെന്നും അതിനാല്‍ ഇത്തരമൊരു സംവരണം വേണ്ടെന്നുമുള്ള നിലപാട് സമിതി അംഗങ്ങള്‍ കടുംപിടുത്തം സ്വീകരിച്ചെങ്കിലും അംബേദ്കര്‍ ദളിത് മുസ്ലിം വിഭാഗത്തിനും സംവരണം നല്‍കുകയായിരുന്നു. എന്നാല്‍ ഈ ആനുകൂല്യം അധികകാലം നീണ്ട് നിന്നില്ല. 1950 ഓഗസ്റ്റ് 10ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോട് സംവരണം അവസാനിപ്പിക്കാന്‍ മൌലാന ആസാദ് ആവശ്യപ്പെടുകയായിരുന്നു.