അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ ‘ഓപ്പൺ ബോർഡർ’ നിലപാട് ചോദ്യം ചെയ്യപ്പെടുന്നു. ട്രംപിൻ്രെ എതിരാളി കമല ഹാരിസും ഡമോക്രാറ്റ്സുകളും വോട്ടർമാരെ ഇറക്കുമതി ചെയ്യുന്നു എന്ന മസ്കിൻ്റെ വിമർശനം വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ മസ്ക് നിയമവിരുദ്ധമായി അമേരിക്കയിൽ താമസിച്ച് വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്ത കുടിയേറ്റക്കാരനാണെന്ന റിപ്പോർട്ടാണ് വിവാദത്തിൻ്റെ മൂർച്ച കൂട്ടുന്നത്.
വാഷിംഗ്ടൺ പോസ്റ്റിന് ലഭിച്ച പുതിയ റിപ്പോർട്ടുകൾ ഇലോൺ മസ്ക് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതെന്നാണ് വെളിപ്പെടുത്തുന്നത്. ഇലോൺ മസ്ക് അമേരിക്കയിൽ നിയമവിരുദ്ധമായി ജോലി ചെയ്താണ് തൻ്റെ സംരംഭക ജീവിതം ആരംഭിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സഹോദരൻ കിംബാലിനൊപ്പം ആഫ്രിക്കയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ ഇലോൺ മസ്കിൻ്റെ കഥ അദ്ദേഹം തികഞ്ഞ ബോധ്യത്തോടെ പറയുന്ന ഒന്നാണെന്നും വാഷിംഗ്ടൺ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. തൻ്റെ 300 മില്യൺ ഡോളർ കമ്പനിയായ ‘Zip2’ നിർമ്മിക്കുന്നതിനായി എങ്ങനെയാണ് അമേരിക്കയിൽ അനധികൃതമായി താമസിച്ചത് എന്ന് അദ്ദേഹം പരമാർശിക്കാത്തത് എന്താണെന്ന് റിപ്പോർട്ട് ചോദിക്കുന്നു. ഇത് ടെസ്ലയിലേക്കും അതുവഴി മസ്കിനെ കോടീശ്വരനാക്കി മാറ്റിയ മറ്റ് സംരഭങ്ങളിലേയ്ക്കും എങ്ങനെ ചവിട്ടുപടിയായി മാറിയെന്നും അമേരിക്കയിലെ ഏറ്റവും വിജയിച്ച കുടിയേറ്റക്കാരനായെന്നും വാഷിംഗ്ടൺ പോസ്റ്റ് വെളിപ്പെടുത്തുന്നു.
വരാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന മസ്ക് സ്റ്റുഡൻ്റ് വിസയിൽ അമേരിക്കയിൽ ജോലി ചെയ്യാമെന്ന നിയമത്തെ എതിർത്തിരുന്നു. ട്രംപിൻ്റെ “തുറന്ന അതിർത്തികൾ” എന്ന അവകാശവാദത്തെയും രേഖകളില്ലാത്ത കുടിയേറ്റക്കാർ അമേരിക്കയെ നശിപ്പിക്കുന്നുവെന്ന വാദത്തെയും മസ്ക് പിന്തുണച്ചിരുന്നു. ഈ ഘട്ടത്തിലാണ് മസ്ക് അനധികൃത കുടിയേറ്റക്കാരാനായാണ് അമേരിക്കയിൽ തൻ്റെ വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്തതെന്ന വെളിപ്പെടുത്തൽ പുറത്ത് വരുന്നത്.”മസ്ക് സഹോദരന്മാരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് നിയമപരമായി യുഎസിൽ ഒരു കമ്പനി നടത്തിക്കൊണ്ടു പോകാൻ കഴിയുന്നതായിരുന്നില്ലെന്നാണ് മുൻ Zip2 ബോർഡ് അംഗവും പിന്നീട് ചീഫ് എക്സിക്യൂട്ടീവുമായ ഡെറക് പ്രൗഡിയനെ ഉദ്ധരിച്ച് വാഷിങ്ങ്ടണൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. നിക്ഷേപകർ റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സ്ഥാപകനെ നാടുകടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ മൊഹ്ർ ഡേവിഡോ വെഞ്ചേഴ്സ് 1996-ൽ മസ്കിൻ്റെ കമ്പനിക്ക് 3 മില്യൺ ഡോളർ ധനസഹായം നൽകിയപ്പോൾ, കരാർ പ്രകാരം മസ്ക് സഹോദരന്മാർക്കും അവരുടെ കൂട്ടാളികൾക്കും നിയമപരമായ തൊഴിൽ പദവി ലഭിക്കുന്നതിന് 45 ദിവസത്തെ സമയം നൽകിയിരുന്നു. അല്ലാത്തപക്ഷം നിക്ഷേപം തിരിച്ചെടുക്കുമെന്നായിരുന്നു ധാരണയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മസ്ക് ഒരിക്കലും ഇത് പരസ്യമായി അംഗീകരിച്ചിട്ടില്ല. കരിയറിൻ്റെ തുടക്കത്തിൽ താൻ ഒരു ഗ്രേ ഏരിയയിൽ ആരുന്നെന്ന് 2013ൽ മസ്ക് സമ്മിതിച്ചിരുന്നു. “ഞാൻ നിയമപരമായി അവിടെ ഉണ്ടായിരുന്നു, പക്ഷേ എനിക്ക് വിദ്യാർത്ഥികളുടെ ജോലി ചെയ്യാനായിരുന്നു കഴിയുമായിരുന്നുള്ളു എന്ന് 2020ൽ ഒരു പോഡ്കാസ്റ്റിൽ മസ്ക് പറഞ്ഞിരുന്നു.
താൻ Zip2 സ്ഥാപിക്കുമ്പോൾ അമേരിക്കയിൽ ആയിരിക്കാൻ തനിക്ക് അധികാരമില്ലായിരുന്നുവെന്ന് 2005-ൽ, മസ്ക് ടെസ്ലയുടെ സഹസ്ഥാപകരായ മാർട്ടിൻ എബർഹാർഡിനും ജെബി സ്ട്രോബെലിനും മെയിൽ അയച്ചതും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ‘യഥാർത്ഥത്തിൽ, ഞാൻ ബിരുദത്തെക്കുറിച്ച് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല, എനിക്ക് ലാബിന് പണമില്ലായിരുന്നു, രാജ്യത്ത് തുടരാനുള്ള നിയമപരമായ അവകാശവുമില്ലായിരുന്നു. അതിനാൽ രണ്ട് പ്രശ്നങ്ങളും പരിഹരിക്കാനുള്ള നല്ല മാർഗമായി ഇത് തോന്നുന്നു’ എന്നും ഇമെയിലിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
തൻ്റെ സഹോദരനിൽ നിന്ന് വ്യത്യസ്തമായി, നിയമപരമായല്ലാതെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജോലി ചെയ്യുന്നതായി കിംബൽ മസ്ക് ആവർത്തിച്ച് സമ്മതിച്ചിട്ടുണ്ട്. “ഞങ്ങൾ അനധികൃത കുടിയേറ്റക്കാരായിരുന്നു,” കിംബാൽ ഒരു അഭിമുഖത്തിൽ വ്യക്തമായി പറഞ്ഞു.
മൊഹർ ഡേവിഡോ വെഞ്ച്വേഴ്സിലെ നിക്ഷേപകരാണ് മസ്ക് സഹോദരന്മാർക്ക് വിസ ഉറപ്പാക്കുന്നതെന്ന് 2023-ൽ വാൾട്ടർ ഐസക്സൻ്റെ ജീവചരിത്രം ഉറപ്പിച്ചു പറയുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇമിഗ്രേഷൻ അറ്റോർണി ജോസെലിൻ ലൂ മസ്ക് സഹോദരന്മാരോട് കമ്പനിക്കുള്ളിലെ നേതൃത്വപരമായ റോളുകൾ കുറച്ചുകാണാനും അവരുടെ യുഎസ് വിലാസങ്ങളുടെ തെളിവുകൾ സ്ക്രബ് ചെയ്യാനും ഉപദേശിച്ചിരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.