ബീജിംഗ്: ചൈനീസ് വിപണിയില്‍ ടെസ്ല ഇലക്ട്രിക് വാഹനങ്ങളുടെ ആധിപത്യം തിരിച്ചുപിടിക്കാൻ നിർണായക ധാരണകള്‍ ഉറപ്പിച്ച് ഇലോണ്‍ മസ്ക്.
കഴിഞ്ഞ ദിവസമാണ് ടെസ്ല, സ്പേസ് എക്സ് സ്ഥാപകനും എക്സ് ഉടമയുമായ മസ്ക് ചൈനയില്‍ അപ്രതീക്ഷിത സന്ദർശനത്തിനെത്തിയത്. ചൈനീസ് വിപണിയില്‍ വില്പനയിലുണ്ടായ ഇടിവു നികത്താൻ ഡേറ്റാ സെക്യൂരിറ്റി മാനദണ്ഡങ്ങളില്‍ ഇളവുകള്‍ ലക്ഷ്യമിട്ടാണ് സന്ദർശനം.
ടെസ്ല വാഹനങ്ങളിലെ ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് സോഫ്റ്റ്വെയർ അവതരിപ്പിക്കാൻ ചൈനീസ് ടെക് ഭീമനായ ബെയ്ഡുവുമായി ധാരണയിലെത്തിയെന്നാണ് വിവരം. എന്നാല്‍ ഇരുവിഭാഗവും പ്രതികരിച്ചിട്ടില്ല.
ചൈനീസ് ഡേറ്റ രാജ്യത്തിനുള്ളില്‍ തന്നെ കൈകാര്യം ചെയ്യണമെന്നായിരുന്നു ടെസ്ലയ്ക്ക് നല്‍കിയിരുന്ന നിർദ്ദേശം. ചില ഡേറ്റകള്‍ ചൈനയ്ക്ക് പുറത്തുകൊണ്ട് പോകുന്നത് സംബന്ധിച്ച് ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗുമായി ഞായറാഴ്ച മസ്ക് ചർച്ച നടത്തിയിരുന്നു. ഇത് അംഗീകരിച്ചാല്‍ ചൈനീസ് വിപണിയില്‍ ഒരു വിദേശ വാഹന നിർമ്മാതാവിന് ലഭിക്കുന്ന ഏറ്റവും വലിയ വഴിത്തിരിവാകും.
ഡേറ്റ സുരക്ഷ പരിഗണിച്ച് ചൈനീസ് സൈന്യം ടെസ്ല വാഹനങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ ഡേറ്റ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് മസ്ക് അറിയിച്ചു.
ഇതേ ദിവസം തന്നെ ടെസ്ലയുടെ പ്രാദേശികമായി നിർമ്മിച്ച മോഡലുകള്‍ ചൈനയുടെ ഡേറ്റ സുരക്ഷാ ആവശ്യകതകള്‍ നിറവേറ്റുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയില്‍പ്പെടുത്തിയത് മസ്കിന്റെ വിജയമായി.
ഈ മാസം 21ന് നടക്കേണ്ടിയിരുന്ന ഇന്ത്യാ സന്ദർശനം ടെസ്ലയിലെ ഭാരിച്ച ജോലികള്‍ മൂലം മസ്ക് മാറ്റിവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും ഇന്ത്യയിലെ ടെസ്ല വൈദ്യുതി കാർ പദ്ധതി പ്രഖ്യാപനവുമായിരുന്നു മസ്ക് ലക്ഷ്യമിട്ടിരുന്നത്. ഈ വർഷം തന്നെ ഇന്ത്യയിലെത്തുമെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്.