ഉദയ്പൂർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയ്പൂർ സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്. അയല്‍വാസിയായ ഒന്‍പതുവയസുകാരിയായ പെണ്‍കുട്ടിയെ ആണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. മാര്‍ച്ച് 29ന് കമലേഷിന്റെ അയല്‍വാസിയായ പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെ ശനിയാഴ്ചയോടെയാണ് മാവ്ലി പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാനെത്തിയപ്പോഴാണ് പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കഷ്ണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് കവറില്‍ നിറച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.