കാൻബറ: യുദ്ധത്തെതുടർന്ന് പാലസ്തീനിൽ നിന്ന് ഓസ്ട്രേലിയയിലെത്തുന്നവരെ പിന്തുണയ്ക്കാൻ ഓസ്ട്രേലിയൻ സർക്കാർ വൻ തുക നീക്കിവയ്ക്കുന്നതിനെതിരേ കടുത്ത വിമർശനവുമായി പ്രതിപക്ഷ മന്ത്രി. ഷാഡോ ഹോം അഫയേഴ്സ് മന്ത്രി ജെയിംസ് പാറ്റേഴ്സണാണ് അൽബനീസി സർക്കാരിനെ വിമർശിച്ച് രംഗത്തുവന്നതെന്ന് ഓസ്ട്രേലിയൻ മാധ്യമമായ ഹെറാൾഡ് സൺ റിപ്പോർട്ട് ചെയ്യുന്നു.
ഓസ്ട്രേലിയയിലെത്തുന്ന പാലസ്തീൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി അഞ്ച് മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് കേന്ദ്രസർക്കാർ നീക്കിവച്ചിരിക്കുന്നത്. നികുതിദായകരുടെ പണമാണ് ഇത്തരത്തിൽ പാലസ്തീനികളുടെ മാത്രം പുനരധിവാസത്തിനായി വിനിയോഗിക്കുന്നതെന്ന് പ്രതിപക്ഷ മന്ത്രി കുറ്റപ്പെടുത്തുന്നു.
ഹമാസ് ഇസ്രയേലിനെ ആക്രമിച്ച ഒക്ടോബർ ഏഴ് മുതൽ ഈ വർഷം ഓഗസ്റ്റ് 12 വരെ പാലസ്തീൻ പ്രദേശങ്ങളിൽ നിന്നുള്ള 2922 ആളുകൾക്കാണ് ഓസ്ട്രേലിയ വിസ അനുവദിച്ചത്. 7111 അപേക്ഷകൾ നിരസിക്കുകയും ചെയ്തു.
ഈ വിസ അനുവദിച്ച 1,300 പാലസ്തീനികൾക്കാണ് ഇതുവരെ ഓസ്ട്രേലിയയിൽ എത്താൻ കഴിഞ്ഞത്. അതേസമയം കൃത്യമായ സുരക്ഷാ പരിശോധനയില്ലാതെ വിസ അനുവദിക്കുന്നതിനെതിരേ പ്രതിപക്ഷമായ ലിബറൽ പാർട്ടി അംഗങ്ങൾ പ്രതിഷേധമുയർത്തുകയും ചെയ്തു. രാജ്യത്തെ ജൂത സമൂഹവും തങ്ങൾക്കു നേരെയുണ്ടായേക്കാവുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് ആശങ്കാകുലരാണ്. ഇതെല്ലാം അവഗണിച്ചാണ് ഫെഡറൽ സർക്കാർ നികുതി ദായകരുടെ പണത്തിൽ നിന്ന് അഞ്ച് മില്യൺ ഡോളർ പാലസ്തീൻ പൗരന്മാർക്കായി നീക്കിവയ്ക്കുന്നത്.
ഗാസയിൽ നിന്നുള്ള വ്യക്തികളുടെ വിസ അവലോകനം ചെയ്യുന്നതിൽ സർക്കാരിന് ജാഗ്രതക്കുറവുണ്ടായെന്നു വിമർശിച്ച ജെയിംസ് പാറ്റേഴ്സൺ രാജ്യത്ത് ഇതിനകം എത്തിയ 1,300 പാലസ്തീൻ പൗരന്മാരെ വിലയിരുത്താൻ പദ്ധതിയുണ്ടോ എന്നും ചോദിച്ചു.
ഒരു വിഭാഗത്തെ മാത്രം സർക്കാർ ഇത്തരത്തിൽ സാമ്പത്തിക സഹായം നൽകി പിന്തുണയ്ക്കുന്നതിനെയും വിമർശകർ പോദ്യം ചെയ്യുന്നു. ജൂത വിഭാഗം ഉൾപ്പെടെ മറ്റ് മത വിഭാഗങ്ങൾ സാമ്പത്തിക പിന്തുണയില്ലാന്നെ ജീവിത്മാർഗം തേടുമ്പോഴാണ് സർക്കാരിൻ്റെ ഈ നീക്കം വിമർശനവിധേയമാകുന്നത്.
ഓസ്ട്രേലിയൻ സമൂഹവുമായി പാലസ്തീനികളെ സമന്വയിപ്പിക്കുന്നതിനു പകരം പാലസ്തിന്റെ തനതായ സാംസ്കാരിക സ്വത്വം സംരക്ഷിക്കുമെന്ന് വാദിക്കുന്ന സംഘടനകൾക്കും ഫണ്ട് അനുവദിച്ചതിൽ ആശങ്ക ഉയർത്തുന്നവരുണ്ട്. വിഭിന്ന സമൂഹങ്ങളെ ഏകീകരിക്കുന്നതിന് പകരം ഓസ്ട്രേലിയയ്ക്കുള്ളിൽ ഭിന്നതകൾ രൂക്ഷമാക്കുകയും ഒറ്റപ്പെട്ട കമ്മ്യൂണിറ്റികൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.
സർക്കാരിന്റെ ഈ നടപടികൾ വംശീയവും വംശീയവുമായ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുപകരം ശാശ്വതമാക്കുമെന്ന ആശങ്കയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.