ദില്ലി: തൃണമൂൽകോൺഗ്രസ് നേതാവ് മുകുൾ റോയി തിങ്കളാഴ്ച രാത്രിയിൽ ദില്ലിയിലെത്തിയതായി റിപ്പോർട്ട്. അദ്ദേഹത്തെ കാണാനില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ദില്ലിയിലേക്ക് പോയതാണെന്നും പിന്നീട് ബന്ധപ്പെടാനാവുന്നില്ലെന്നുമായിരുന്നു മകൻ സുഭ്രഗ്ഷു റോയി പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. മുകുൾ റോയിയെ കാണാനില്ലെന്ന് അഭ്യൂഹങ്ങൾ ഇത്തരത്തിൽ ശക്തമായതിനിടെയാണ് അദ്ദേഹം ദില്ലിയിലെത്തിയതായി ഇപ്പോൾ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
മുകുൾ റോയിയെ ദില്ലി വിമാനത്താവളത്തിൽ കണ്ടെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എനിക്ക് ദില്ലിയിൽ ജോലിയുണ്ട്, അതെന്താ എനിക്ക് ഇങ്ങോട്ട് വന്നുകൂടെ? എന്തിനാണ് ദില്ലിയിലെത്തിയതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുകുൾ റോയി ഇങ്ങനെ മറുപടി നൽകിയെന്നാണ് റിപ്പോർട്ട്. അദ്ദേഹം അസുഖബാധിതനായിരുന്നോ എന്ന ചോദ്യത്തിന് അല്ല, എനിക്കിവിടെ ഒരു പ്രത്യേക ജോലിയുണ്ട്. ഞാൻ എംഎൽഎ അല്ലേ എന്നും മുൻ എംപി പറഞ്ഞത്രേ. പ്രത്യേക രാഷ്ട്രീയലക്ഷ്യത്തോടെയാണ് ഈ വരവെന്ന അഭ്യൂഹം മുകുൾ റോയി നിരസിച്ചു. തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര ഭിന്നതയെ തുടർന്ന് 2017ൽ ബിജെപിയിൽ ചേർന്ന മുകുൾ റോയ് 2021ൽ പാർട്ടിയിൽ തിരിച്ചെത്തുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് മുതൽ അദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടിയാണ് മകൻ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊൽക്കത്ത പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. കൊൽക്കത്ത എൻ എസ് സി ബി ഐ എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. അതേസമയം, മുകുൾ റോയിയും മകനും തമ്മിൽ ഭിന്നതയുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ഇത് കുടുംബ പ്രശ്നമാണോ രാഷ്ട്രീയ പ്രശ്നമാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് നിരവധി നേതാക്കളെ മുകുൾ റോയി കൊണ്ടുപോയിരുന്നു. അദ്ദേഹം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് വരെയായിരുന്നു. പിന്നീട് സംസ്ഥാന ബിജെപിയുടെ നേതൃത്വത്തിലേക്ക്, തൃണമൂൽ കോൺഗ്രസ് വിട്ടുവന്ന സുവേന്ദു അധികാരി എത്തിയതോടെ അവഗണിക്കപ്പെട്ട മുകുൾ റോയ് തിരികെ മമത ബാനർജിക്കൊപ്പം ചേരുകയായിരുന്നു.