മിസ്റ്റർ ബീൻ എന്ന ടെലിവിഷൻ കഥാപാത്രത്തിലൂടെ പ്രശസ്തനായ ഇംഗ്ലീഷ് നടനായ റൊവാന്‍ ആറ്റ്കിന്‍സണ്റെതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ ചിത്രം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ് രോഗക്കിടക്കയിലായ റൊവാന്‍ ആറ്റ്കിന്‍സണിന്റെ ചിത്രം. 69കാരനായ ഹാസ്യ നടനും തിരക്കഥാകൃത്തുമായ റൊവാൻ ആറ്റ്കിൻസണിന്റെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് ഗുരുതരമായ ആശങ്ക ആരാധകർക്കിടയിൽ സൃഷ്ടിക്കുന്ന രീതിയിലുള്ള ചിത്രമാണ് ഫേസ്ബുക്ക്, എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ആശുപത്രി കിടക്കയിൽ കിടക്കുന്ന അവശനായ ആളുടെ മുഖത്തിന് അസാധാരണ സമാനതയാണ് ഒറ്റ നോട്ടത്തിൽ തോന്നുക. സമൂഹമാധ്യമങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്ന നടൻ തന്നെയാണോ ചിത്രത്തിലെന്ന് വ്യാപക സംശയം ഉയർന്നിരുന്നു. എന്നാൽ ഗൂഗിൽ സെർച്ചിൽ അടക്കം നടന്റെ രോഗാവസ്ഥ സംബന്ധിച്ച ഒരു വിവരവും ലഭ്യമായില്ല. പിന്നാലെ നടനുമായി ചേർന്ന് പ്രവർത്തിക്കുന്ന പിബിജെ മാനേജ്മെന്റ് ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 10 ന് ഫോർമുല വണിന്റെ ഭാഗമായുള്ള ഒരു പരിപാടിയിൽ നടൻ പങ്കെടുത്തിരുന്നതിന്റെ വാർത്തകളും വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.
റിവേഴ്സ് ഇമേജ് രീതിയിൽ ചിത്രം പരിശോധിച്ചതിൽ നിന്ന് ചിത്രം 2020 ജനുവരി 31 ദി മിററിൽ വന്ന വാർത്തയിൽ നിന്നുള്ള ചിത്രത്തിൽ മോർഫ് ചെയ്തതാണെന്നും വ്യക്തമായി. ബാരി ബാൾഡർസ്റ്റോൺ എന്ന ആളുടെ ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയാണ് നടന്റേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത്.