വിക്ടോറിയ: അടിക്കടി മാറുന്ന പെട്രോൾ, ഡിസൽ വിലക്ക് തടയിടാൻ വിക്ടോറിയൻ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. 24 മണിക്കൂർ നേരം ഒരേ വില ഉറപ്പാക്കുന്നതാണ് പുതിയ നിയമം.
ഫെയർ ഫ്യുവൽ പ്ലാൻ എന്ന പേരിലാണ് സർക്കാർ നിയമം കൊണ്ടുവരുന്നത്. ഓരോ ദിവസത്തേയും വില എന്തായിരിക്കുമെന്ന് മുൻകൂറായി തന്നെ പെട്രോൾ സ്റ്റേഷനുകൾ അറിയിക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ടാകും.
വെസ്റ്റേൺ ഓസ്ട്രേലിയയിൽ സമാനമായ വ്യവസ്ഥയുണ്ട്. ഇതോടൊപ്പം പെട്രോൾ വില ട്രാക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്പും സർക്കാർ പുറത്തിറക്കും. സർവീസസ് വിക്ടോറിയ ആപ്പിൻ്റെ ഭാഗമായി ഇതു ലഭ്യമാക്കാനാണ് തീരുമാനം. ഈ വർഷം അവസാനത്തോടെ നിയമം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പ്രീമിയർ.