രേവ: ഭർതൃമാതാവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. മധ്യപ്രദേശിലെ രേവ ജില്ലയിൽ 2022 ജൂലൈ 12നാണ് ക്രൂര കൊലപാതകം നടന്നത്. മംഗാവ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആട്രയില ഗ്രാമത്തിൽ താമസിക്കുന്ന സരോജ് കോൾ(50) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനൊടുവിൽ മരുമകളായ 24 കാരി കാഞ്ചൻ കോൾ ആണ് ഭർതൃമാതാവിനെ അരിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
സരോജും മരുമകളും വീട്ടിൽ വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും ഇരുമരും തമ്മിൽ വഴക്കിട്ടു. പ്രകോപിതയായ യുവതി വീട്ടിലുണ്ടായിരുന്ന അരിവാൾ ഉപയോഗിച്ച് അമ്മായിയമ്മയെ വെട്ടി വീഴ്ത്തി. 95 തവണ സരോജിന് വെട്ടേറ്റിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ യുവതിയുടെ ഭർത്താവടക്കം ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞെത്തിയ മകനാണ് ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം സഹിക്കാനാവാതെയാണ് താൻ അമ്മായിയമ്മയെ വെട്ടിക്കൊന്നതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. ചോദ്യം ചെയ്യലിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചെന്നും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വികാസ് ദ്വിവേദി പറഞ്ഞു. കേസിൽ രേവ ജില്ല ഡീഷണൽ സെഷൻസ് 4 കോടതി ജഡ്ജ് ത്മ ജാതവ് ആണ് യുവതിക്ക് വധ ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട സരോജ് കോളിന്റെ ഭർത്താവ് വാൽമിക് കോളിനെ പ്രേരണാക്കുറ്റം ചുമത്തി കേസിൽ കൂട്ടുപ്രതിയാക്കിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.