അൽ ഐൻ : കാഴ്ചയുടെ വസന്തമൊരുക്കി അൽ ഐൻ പുഷ്പമേളയ്ക്ക് തുടക്കമായി. അൽ ഐൻ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിവൽ അൽ ഐൻ മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. സൈഫ് സുൽത്താൻ അൽ നാസരി, അൽ ഐൻ മുനിസിപ്പാലിറ്റി ജനറൽ മാനേജർ റാഷിദ് മുസബ്ബാഹ് അൽ മുനാഇ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അൽ സാറൂജ് പാർക്കിലാണ് മേള നടക്കുന്നത്. പത്തു ദിവസത്തെ ഈ പരിപാടി ഫെബ്രുവരി 17 വരെ നീണ്ടു നിൽക്കും.
12,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന പുഷ്പമേള കാണാൻ നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്. വിവിധ കലാ സൃഷ്ടികൾ കാണാനും വിനോദ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും ഇവിടം അവസരമൊരുക്കുന്നു. വിവിധ നിറങ്ങളിലുള്ള ഒന്നര ദശ ലക്ഷത്തിലധികം പൂക്കളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. കൂടാതെ കണ്ണിന്റെ ആകൃതിയിലാണ് ഫെസ്റ്റിവൽ ഏരിയ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 54ഓളം പുഷ്പ ശിൽപങ്ങളും ഒരുക്കിയിട്ടുണ്ട്. പൂക്കൾകൊണ്ട് ഒരുക്കിയിരിക്കുന്ന കമാനങ്ങൾക്ക് പുറമേ പ്രകാശ സംവിധാനങ്ങൾ കൊണ്ടാണ് ഓരോ രൂപങ്ങളും സജ്ജീകരിച്ചിരിക്കുന്നത്. ഇത് സന്ദർശകർക്ക് അവിസ്മരണീയമായ കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നു.