റോം: ഇറ്റലിയിലെ ലംബഡൂസ ദ്വീപിന് സമീപം മെഡിറ്ററേനിയൻ കടലില്‍ അഭയാര്‍ത്ഥി ബോട്ട് മുങ്ങി 41 മരണം. ട്യൂണീഷ്യയിലെ സ്ഫാക്സില്‍ നിന്ന് ഇറ്റാലിയൻ തീരം ലക്ഷ്യമാക്കി നീങ്ങിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഇന്നലെ ലംബഡൂസ തീരത്തെത്തിയ ഒരു സ്ത്രീ അടക്കം നാല് പേരാണ് വിവരം അധികൃതരെ അറിയിച്ചത്. ഐവറി കോസ്റ്റ്, ഗിനി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. മൂന്ന് കുട്ടികളുള്‍പ്പെടെ 45 പേര് ബോട്ടിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്ഫാക്സില്‍ നിന്ന് തിരിച്ച ബോട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മറിയുകയായിരുന്നു എന്നാണ് വിവരം. വടക്കേ ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച 1,800ലേറെ അഭയാര്‍ത്ഥികളാണ് ഇക്കൊല്ലം ഇതുവരെ ബോട്ടപകടങ്ങളില്‍ കൊല്ലപ്പെട്ടത്. 2014 മുതല്‍ മദ്ധ്യ മെഡിറ്ററേനിയൻ മേഖലയില്‍ 17,000 പേര് മരിക്കുകയോ കാണാതാവുകയോ ചെയ്തെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്.