ന്യൂയോർക്ക്: 167,000 പൗണ്ട് ബീഫ് ഉൽപ്പന്നങ്ങൾ ഇ കോളി ബാക്ടീരിയ സാധ്യതയെ തുടർന്ന് വിപണിയിൽ നിന്ന് പിൻവലിച്ചു. യുഎസിലാണ് സംഭവം. ഫുഡ് സേഫ്റ്റി ആൻഡ് ഇൻസ്പെക്ഷൻ സർവീസാണ് ഇക്കാര്യം അറിയിച്ചത്. ഡിട്രോയിറ്റ് ആസ്ഥാനമായുള്ള മാംസ വിതരണക്കാരായ വോൾവറിൻ പാക്കിംഗ് കമ്പനിയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗങ്ങളെ തുടർന്നാണ് ശിതീകരിച്ചതും അല്ലാത്തതുമായ ബീഫ് തിരിച്ചുവിളിച്ചത്. നവംബർ 2 മുതൽ നവംബർ 10 വരെ രോഗലക്ഷണങ്ങളോടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
മിനസോട്ട അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് വോൾവറിനിൽനിന്നുള്ള ബീഫ് സാമ്പിൾ പരിശോധിച്ചപ്പോൾ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഫുഡ് സേഫ്റ്റി ആൻഡ് ഇൻസ്പെക്ഷൻ സർവീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളമുള്ള റെസ്റ്റോറൻ്റുകളിലേക്ക് കയറ്റി അയച്ചിരുന്നു. മാംസം വിതരണം ചെയ്ത റസ്റ്ററോന്റുകളിൽ നിന്ന് പിൻവലിക്കാനും നിർദേശം നൽകി. കഴിഞ്ഞ മാസം ചില മക്‌ഡൊണാൾഡ് ബർഗർ ക്വാർട്ടർ പൗണ്ടറുകളിലും ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
ഇ കോളി ബാക്ടീരിയകൾ സാധാരണയായി ആരോഗ്യമുള്ള ആളുകളുടെയും മൃഗങ്ങളുടെയും കുടലിൽ കാണപ്പെടുമെങ്കിലും അധികരിച്ചാൽ കഠിനമായ മലബന്ധം, വയറിളക്കം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും. മലിനമായ വെള്ളത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കാം. അസംസ്കൃത പച്ചക്കറികളിൽ നിന്നും വേവിക്കാത്ത ഗോമാംസത്തിൽ നിന്നും അണുബാധയുണ്ടാകാം.