ഇടുക്കി: മൂന്നാറില്‍ ഇന്നലെ ടിടിഐ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. പെണ്‍കുട്ടിയുടെ മുൻ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് അറസ്റ്റിലായത്. മൂന്നാറിൽ ഇന്നലെയാണ് ടിടിസി വിദ്യാർത്ഥിനിയായ പെൺകുട്ടി ആക്രമണത്തിന് ഇരയായത്. പാലക്കാട് സ്വദേശിയാണ് പെൺകുട്ടി. പ്രണയ നൈരാശ്യമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി ആൽവിൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാറിലെ ഗവൺമെന്റ് ടിടിസി കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു വെട്ടേറ്റ പെൺകുട്ടി. ഇന്നലെ വൈകീട്ടാണ് ആൽവിൻ ഇവിടെയെത്തി പെൺകുട്ടിയെ കണ്ടത്. തുടർന്ന് കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്ക് വെട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടനെ തന്നെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ ഇപ്പോഴും ചികിത്സയിലാണ്.സംഭവത്തെ തുടർന്ന് ആൽവിൽ ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. ആർക്കും ഇയാളെ തിരിച്ചറിയാനോ പിടികൂടാനോ സാധിച്ചില്ല. ഇന്നലെ തന്നെ പൊലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങിയിരുന്നു. പിന്നീട് ഇന്ന് രാവിലെയാണ് ആൽവിനെ പൊലീസ് കണ്ടെത്തുന്നത്. അപ്പോഴേക്കും പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പ്രതിയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല.