തിരുവനന്തപുരം: മോൻസൻ മാവുങ്കൽ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ഐജി ലക്ഷ്മണയ്ക്കും മുൻ ഡിഐജി സുരേന്ദ്രനും ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് അയക്കും. ഇരുവരെയും കേസിൽ പ്രതിചേർത്തിരുന്നു. കെപിസിസി പ്രസിഡന്റിനോട് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരാകാൻ കഴിയില്ലെന്ന് കെ.സുധാകരന്റെ അഭിഭാഷകൻ ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. അന്വേഷണ സംഘം ഉടൻ വീണ്ടും നോട്ടീസ് നൽകും. കേസിനെതിരെ കോടതിയിൽ സമീപിക്കുന്ന കാര്യത്തിൽ സുധാകരൻ ഇന്ന് തീരുമാനമെടുത്തേക്കും. രാഷ്ട്രീയമായും നിയമപരമായും കേസിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
അതേ സമയം മോൻസന് പണം നൽകുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന ആരോപണത്തിലുറച്ച് നില്ഡക്കുകയാണ് പരാതിക്കാര്‍. സുധാകരന് മോൻസൺ പണം കൊടുത്തത് കണ്ട സാക്ഷികളുണ്ടെന്ന് പരാതിക്കാരൻ ഷാനി പറഞ്ഞു. സുധാകരനെതിരെ രാഷ്ട്രീയ പരമായി ഒരു വിദ്വേഷവും പരാതിക്കാരായ ഞങ്ങൾക്കില്ല. പക്ഷേ മോൻസന്റെ അടുത്ത് സുധാകരൻ ചികിത്സയ്ക്ക് പോയതാണെങ്കിൽ ഒരു മരുന്ന് കുറിപ്പടി ഉണ്ടാകില്ലേ? അത് പുറത്ത് വിട്ടാൽ പ്രശ്നം തീരില്ലേ? ഇനി വേറെ ബന്ധമൊന്നും ഇല്ലെങ്കിൽ മോൻസനെതിരെ ഒരു പരാതി കൊടുക്കാൻ സുധാകരൻ മടിക്കുന്നതെന്തിന്? ഷാനി ചോദിച്ചു.
കേസിൽ ഇപ്പോൾ പ്രതി ചേർത്ത ലക്ഷ്മണയ്ക്കും സുരേന്ദ്രനും അടക്കം മോൻസന് പണം നൽകിയതിന് രേഖകളുണ്ട്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉണ്ട്. അത് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ഷാനി പറഞ്ഞു. കേരളാ പൊലീസിൽ വിശ്വാസമുണ്ട്.പക്ഷേ ഇത് സംസ്ഥാനത്തിന്റെ അതിർത്തിക്ക് ഉള്ളിൽ ഒതുങ്ങുന്ന കേസല്ല.അതിനാൽ ആണ് സിബിഐ വരണമെന്ന് ആവശ്യപ്പെടുന്നതെന്നും ഷാനി വ്യക്തമാക്കി.