ആലപ്പുഴ: നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട് മെത്രാപ്പോലീത്ത ആയി അഭിഷിക്തനായി. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ റഫേൽ തട്ടിൽ മുഖ്യകാര്‍മികത്വം വഹിച്ചു. ഡിസംബർ 8 വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ ജോർജ് കൂവക്കാട് കർദ്ദിനാളായി ചുമതലയേൽക്കും.
മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട് ഇനി മെത്രാപ്പൊലീത്ത. മെത്രാൻമാരും വൈദികരും ചേർന്നാണ് ജോർജ് കൂവക്കാടിനെ പള്ളിയിലേക്ക് ആനയിച്ചത്. റോമിൽ നിന്നുള്ള നിയമന പത്രിക വായിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. മെത്രാപ്പോലീത്തയുടെ ചുമലിൽ വച്ച വിശുദ്ധഗ്രന്ഥം വായിച്ച് തലയിൽ കൈകൾ വച്ച് പ്രാർത്ഥിച്ച മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അംശവടിയും കിരീടവും കൈമാറി.
ചങ്ങനാശ്ശേരി അതിരൂപത മെത്രാൻ തോമസ് തറയിൽ, വത്തിക്കാനിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സഹകാർമികരായി. രണ്ടായിരത്തിലധികം വിശ്വാസികൾ പങ്കെടുത്തു. മെത്രാന്മാരാണ് കത്തോലിക്കാ സഭയിൽ കർദിനാൾമാരായി ഉയർത്തപ്പെടുക. ജോർജ് കൂവക്കാടിനെ വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി നിയമിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്നും നേരിട്ട് കർദിനാൾ പദവിയിലെത്തുന്ന ആദ്യ വൈദികൻ കൂടിയാണ് ജോർജ് കൂവക്കാട്.