ഡിക്റ്ററ്റീവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവച്ച സംവിധായകനാണ് ജീത്തു ജോസഫ്. ശേഷം ഏതാനും ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി റിലീസ് ചെയ്തുവെങ്കിലും മോഹൻലാൽ നായകനായ ദൃശ്യത്തിലൂടെ ജീത്തു തന്റെ സ്ഥാനം മോളിവുഡിൽ ഉറപ്പിക്കുകയായിരുന്നു. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ചിത്രം കേരളക്കര കണ്ട മികച്ച ക്രൈം ത്രില്ലർ ചിത്രമായി മാറി. പ്രേക്ഷകരെ ഒന്നാകെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച സിനിമയുടെ രണ്ടാം ഭാഗം ഇറക്കിയും ജീത്തു വീണ്ടും ഞെട്ടിച്ചു. ദൃശ്യം 2വിന് പിന്നാലെ മൂന്നാം ഭാഗം ഉണ്ടാകുമെന്നും ക്ലൈമാക്സ് കയ്യിലുണ്ടെന്നും നേരത്തെ ജീത്തു പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ദൃശ്യം 3 സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. എക്സ് പ്ലാറ്റ് ഫോമിലും ദൃശ്യം 3 ട്രെന്റിങ്ങിലാണ്. ദൃശ്യം 3യുടെ സ്ക്രിപ്റ്റ് ലോക്ക് ആയെന്നും 2025ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നുമാണ് സോഷ്യൽ ലോകത്തെ പ്രചാരം. ആ വർഷം ക്രിസ്മസ് റിലീസായി തിയറ്ററിലെത്തുമെന്നുമാണ് ചർച്ചകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ദൃശ്യം 3യുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ആരാധകർ പങ്കിടുന്നുണ്ട്.