എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ രാവിലെ ഒമ്പത് മണിയോടൊണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓസ്ട്രേലിയയിലും മോഹൻലാല്‍ നായകനായ എമ്പുരാൻ സിനിമയ്ക്ക് വലിയ വരവേല്പാണ് ലഭിക്കുന്നത്.ജി.സി.സി, അമേരിക്കൻ എന്നിവിടങ്ങൾ ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് എംപുരാന് വേണ്ടി സൈബർസിസ്റ്റംസ് സ്വന്തമാക്കിയിരിക്കുന്നത്. സൈബർസിസ്റ്റംസിനോടൊപ്പം ഓസ്ട്രേലിയയിലെ പ്രമുഖ വിതരണക്കാരായ Wanderlust ഫിലിംസും ‘എമ്പുരാനെ ‘ ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും ഉടനീളമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ കൈക്കോർക്കുകയാണ്.
മലയാളത്തിന്റെ ആദ്യത്തെ 1000K ഓസ്ട്രേലിയൻ ഡോളര്‍ ചിത്രമായിരുന്നു പ്രീ സെയിലില്‍ എമ്പുരാൻ. പ്രീ സെയിലില്‍ ആദ്യത്തെ 200K ഓസ്ട്രേലിയൻ ഡോളര്‍ മലയാള ചിത്രവുമായി എമ്പുരാൻ. എമ്പുരാൻ ഓസ്ട്രേലിയയില്‍ നിന്ന് 1.72 കോടി രൂപയാണ് പ്രീ സെയിലില്‍ ഇതുവരെ നേടിയിട്ടുള്ളത്. ലൂസിഫറിന്റ രണ്ടാം ഭാഗമാണ് എമ്പുരാൻ.
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടി. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.