പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘എമ്പുരാൻ’. ‘ലൂസിഫർ’ ഫ്രാഞ്ചൈസിയിൽ രണ്ടാമതായി എത്തുന്ന ഈ ചിത്രം നിലവിൽ ഇന്ത്യയിലെ തന്നെ വിവിധ ഭാഷകളിലുള്ള എല്ലാ സിനിമകളുടേയും ബുക്കിംഗ് റെക്കോർഡുകളെ മറികടന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിൽ എങ്ങും ‘എമ്പുരാൻ’ ആവേശം നിറയുന്നതിനിടെ ഉസ്ബക്കിസ്ഥാനിലെ മലയാളി വിദ്യാർത്ഥികള്‍ക്കും ഈ ആവേശത്തോടൊപ്പം നിൽക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് എസ് എബ്രോഡ് എന്ന കമ്പനി.
‘എമ്പുരാന്‍’ റിലീസ് ദിവസം ഉസ്ബക്കിസ്ഥാനിലെ എഴുന്നൂറോളം വരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഷോ സംഘടിപ്പിച്ചിരിക്കുകയാണ് എസ് എബ്രോഡ്. ഉസ്ബക്കിസ്ഥാനിൽ ചിത്രം വിതരണം ചെയ്യുന്നതും എസ് എബ്രോഡ് തന്നെയാണ്. എസ് എബ്രോഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാ മലയാളികള്‍ക്കും ആദ്യ ദിനം തന്നെ ചിത്രം കാണാൻ അവസരം ഒരുക്കിയതറിഞ്ഞ് ഉസ്ബക്കിസ്ഥാനിലെ യൂണിവേഴ്സിറ്റി കോളേജിലെ മലയാളി കുട്ടികള്‍ ആവശ്യം ഉന്നയിച്ചതോടെയാണ് അവർക്കും ഫസ്റ്റ് ഷോ തന്നെ കാണാൻ അവസരം ഒരുക്കിയതെന്ന് എസ് എബ്രോഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
എസ് എബ്രോഡിന്‍റെ സാരഥികളെല്ലാം കടുത്ത മോഹൻലാൽ ആരാധകരാണ്. അതിനാൽ തന്നെ ബംഗ്ലൂരിലും കേരളത്തിലുമുള്ള എസ് എബ്രോഡിന്‍റെ എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് എമ്പുരാൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനാണ് കമ്പനി അവസരമൊരുക്കിയിരിക്കുന്നത്. ഒപ്പം ഉസ്ബക്കിസ്ഥാനിലുള്ള മോഹൻലാൽ ഫാൻസിനുവേണ്ടിയും പ്രത്യേക ഫാൻസ് ഷോ ഒരുക്കിയിട്ടുണ്ട്. എസ് എബ്രോഡിൽ നിന്ന് പുറം രാജ്യങ്ങളിൽ പഠിക്കുന്നതിനായി പോയിട്ടുള്ള എംബിബിഎസ് വിദ്യാർത്ഥികളടക്കമുള്ളവർക്കും ഇത്തരത്തിൽ ചിത്രം കാണുന്നതിനായി അവസരമൊരുക്കിയിട്ടുണ്ട്. ശ്രീനു അനിത ശ്രീകുമാർ, ശരത് കൃഷ്ണൻ എംആർ, ഡോ.ബിനോള്‍ബിൻ സോളമൻ, ഡോ. അശ്വൻ ഷാജി തുടങ്ങിയവരാണ് എസ് എബ്രോഡിന്‍റെ സാരഥികള്‍.
ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള മേക്കിങ് ശൈലിയാണ് എമ്പുരാനിലേതെന്ന് ഇതിനകം പുറത്തിറങ്ങിയ ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. മാര്‍ച്ച് 27നാണ് ആഗോള റിലീസായി എമ്പുരാൻ എത്തുന്നത്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 645K ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റഴിയപ്പെട്ടത്.
ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്‍റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തിന്‍റെ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.
ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്‍റെ സാന്നിധ്യം ചിത്രത്തിന് പാൻ വേൾഡ് അപ്പീൽ നൽകിയിട്ടുണ്ട്.