പാരീസ്: ഇന്ത്യയില്‍ ജീവിക്കുമ്ബോള്‍ ലഭിക്കുന്ന മുൻഗണന വിദേശത്ത് താമസിക്കുമ്ബോഴും ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ദ്വിദിന സന്ദര്‍ശനത്തിനായി ഫ്രാൻസിലെത്തിയ മോദി പാരീസിലെ ലാ സീൻ മ്യൂസിക്കേലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യൻ സമൂഹവുമായി സംവദിക്കവെയാണ് ഇക്കാര്യം പരാമര്‍ശിച്ചത്.
വിദേശത്ത് താമസിക്കുന്ന ഓരോ ഇന്ത്യൻ പൗരന്മാര്ക്കും ഇന്ത്യയില്‍ ജീവിക്കുമ്ബോള്‍ ലഭിക്കുന്ന അതേ മുൻഗണന മറ്റ് രാജ്യങ്ങളില്‍ താമസിക്കുമ്ബോഴും ലഭിക്കും. നീതി ആയോഗ് രൂപീകരിച്ചപ്പോള്‍ ഇന്ത്യൻ പ്രവാസികളുടെ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്കാൻ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ റീയൂണിയൻ ദ്വീപിലെ ഒസിഐ കാര്‍ഡുകള്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയെന്നും നരേന്ദ്രമോദി അറിയിച്ചു. ഫ്രാൻസില്‍ ഒസിഐ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മാര്ട്ടിനിക്കിലെയും ഗ്വാഡലൂപ്പിലെയും പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഡഗാസ്കറിന്റെ കിഴക്കൻ തീരത്തായി ഇന്ത്യൻ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപാണ് ‘റീയൂണിയൻ ഐലൻഡ്’. ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള ഈ ദ്വീപിന്റെ ഏറ്റവും അടുത്തുള്ള കര മൗറീഷ്യസാണ്. റീയൂണിയൻ ദ്വീപിലുള്ള ഇന്ത്യൻ പൗരന്മാര്ക്ക് ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) കാര്‍ഡ് ലഭ്യമാക്കുന്നതില്‍ നേരത്തെ പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നതാണ് ഇതുസംബന്ധിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് ആധാരം. ഇന്ത്യൻ പൗരന്മായി ജനിക്കുകയും എന്നാല്‍ വിദേശത്ത് ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്ന രേഖയാണ് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ.
അതേസമയം, പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബാസ്റ്റില്‍ ഡേ പരേഡില്‍ പങ്കെടുക്കും. ചടങ്ങില്‍ വിശിഷ്ടാതിഥിയാകുന്ന അദ്ദേഹം, ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് രാജ്യത്തെത്തിയത്. ദ്വിദിന സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി യുഎഇയിലേക്കാണ് തിരിക്കുക.