ഇന്ത്യ ഓസ്ട്രേലിയ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഒന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസീസ് സന്ദർശനം. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ദി ബോസ്’ എന്ന് വിശേഷിപ്പിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, മോദി അസാമാന്യമായ ഊർജ്ജമുള്ളയാളെന്നും പറഞ്ഞു.
സിഡ്നിയിൽ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. ഈ പരിപാടിക്ക് തൊട്ടുമുൻപ് നടത്തിയ ആമുഖ പ്രഭാഷണത്തിലാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചത്. തുടർന്ന് നമസ്തേ ഓസ്ട്രേലിയ എന്ന സംബോധനയോടെ പ്രസംഗം തുടങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രി ഹിന്ദിയിലാണ് പ്രസംഗിച്ചത്.
‘ഒൻപത് വർഷത്തിനിടെ രണ്ട് തവണ ഓസ്ട്രേലിയ സന്ദർശിക്കാനായതിൽ സന്തോഷമുണ്ട്. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹം ഇന്ത്യയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണ്. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച സന്തോഷിപ്പിക്കുന്നു. ഈ ചെറിയ ഇന്ത്യയെ തിരിച്ചറിഞ്ഞതിൽ വലിയ സന്തോഷം. പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ – ഓസ്ട്രേലിയ ബന്ധത്തിന് ആധാരം. ജനാധിപത്യ ബോധവും ഇരു രാജ്യങ്ങളെയും ഒന്നിച്ച് നിർത്തുന്നു. ഭാരതത്തിന്റെ വൈവിധ്യത്തെ സ്വീകരിച്ച ഓസ്ട്രേലിയയുടെ ഹൃദയവിശാലതയെ പ്രകീർത്തിച്ചാൽ മതിയാവില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും. ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്. 150 രാജ്യങ്ങൾക്ക് കൊവിഡ് കാലത്ത് ഇന്ത്യ സഹായം നൽകി. ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവായി,’ – എന്നും മോദി പറഞ്ഞു.