ജോധ്പൂര്‍: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്തിന്റെ മുന്നിൽവച്ച് കോളേജ് വിദ്യാർത്ഥികൾ കൂട്ടബലാൽസംഗത്തിനിരയാക്കി. 17 വയസുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് വിശദമാക്കുന്നത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്…
രാജസ്ഥാനിലെ ജോധ്പൂരില്‍ ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു അതിക്രമം നടന്നത്. പുരുഷ സുഹൃത്തുമായി ഒളിച്ചോടിയ പതിനേഴുകാരിയാണ് സുഹൃത്തിന് മുന്പില് വച്ച് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. അജ്മീര്‍ സ്വദേശിയായ സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി ശനിയാഴ്ച ഒളിച്ചോടിയത്. ജോധ്പൂരിലേക്ക് ബസിലെത്തിയ ഇവര്‍ ഒരു ഗസ്റ്റ് ഹൌസിലെത്തിയെങ്കിലും ഇവിടുത്തെ കെയര്‍ ടേക്കര്‍ പെണ്‍കുട്ടിയോട് മോശമായ സംസാരിച്ചതിന് പിന്നാലെ റൂം ഒഴിയുകയായിരുന്നു.
രാത്രി പത്തരയോടെ ഗസ്റ്റ് ഹൌസിന് പുറത്ത് പൌട്ട ചൌരാഹയിലേക്ക് പോകാനായി നില്‍ക്കുമ്പോഴാണ് ഇവര്‍ അക്രമികളുടെ മുന്നില്‍പ്പെടുന്നത്. സമന്ധര്‍ സിംഗ് ഭാട്ടി, ധര്‍മപാല്‍ സിംഗ്, ഭട്ടാം സിംഗ് എന്നിവര്‍ ഇവരുമായി സുഹൃത് ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ഇവര്‍ക്ക് ഭക്ഷണവും വെള്ളവും വാഗ്ദാനം ചെയ്തു. ഈ സമയത്ത് തങ്ങളുടെ വിഷമ സന്ധി പെണ്‍കുട്ടിയും സുഹൃത്തും ഇവരോട് വിശദമാക്കി. മൂവര്‍ സംഘം ഇവരെ സഹായിക്കാമെന്ന് ഏറ്റ ശേഷം സമീപത്തെ കോളേജ് ഗ്രൌണ്ടിലേക്ക് കൊണ്ട് പോയി. റെയില്‍വേ സ്റ്റേഷനിലേക്കെന്ന വ്യാജേനയായിരുന്നു ഇവര്‍ പെണ്‍കുട്ടിയേയും സുഹൃത്തിനേയും ഗ്രൌണ്ടിലെത്തിച്ചത്.
ഇവിടെ വച്ച് സുഹൃത്തിനെ അക്രമിച്ച് പെണ്‍കുട്ടിയെ മൂവര്‍ സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. രാവിലെ ഗ്രൌണ്ടില് നടക്കാനെത്തിയവരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് സമന്ധര്‍ സിംഗ് ഭാട്ടി. ധര്‍മപാല്‍ സിംഗ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. ഭട്ടാം സിംഗ് അജ്മീരില്‍ ബിഎഡ് വിദ്യാര്‍ത്ഥിയാണ്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഗസ്റ്റ് ഹൌസിലെ കെയര്‍ ടേക്കറേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു.