മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ ഭീകരാക്രമണമുണ്ടായ അഡാസ് ഇസ്രയേൽ സിനഗോഗിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിക്കു നേരെ ജനരോഷം. സിനഗോഗ് സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ചിലർ പ്രധാനമന്ത്രിക്കു നേരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയത്.
സിനഗോഗിലെത്തിയ ആൽബനീസിക്കു ചുറ്റും റിപ്പോർട്ടർമാരും പ്രദേശത്തെ ജൂത സമുദായാംഗങ്ങളും തടിച്ചുകൂടിയിരുന്നു. അതിനിടയിലാണ് ചിലർ ബഹളമുണ്ടാക്കാൻ തുടങ്ങിയത്. ‘വൈകിയുള്ള നിങ്ങളുടെ വാക്കുകൾ വിലകുറഞ്ഞതാണ്’. പ്രധാനമന്ത്രി എന്തിനാണ് ഇത്ര ഭീരുവാകുന്നത്? എന്നിങ്ങനെ പ്രധാനമന്ത്രിക്കു ചുറ്റും കൂടിയ ജനക്കൂട്ടം ഉച്ചത്തിൽ ചോദിച്ചു. ബഹളത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അവിടെ നിന്നും നീക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് മെൽബണിലെ അഡാസ് ഇസ്രയേൽ സിനഗോഗിന് മുഖംമൂടിധാരികളായ അക്രമികൾ തീയിട്ടത്. സംഭവത്തിൽ ആരാധനാലയത്തിലെ മര ഉരുപ്പടികളും മതഗ്രന്ഥങ്ങളും കത്തിനശിച്ചിരുന്നു.
ഓസ്ട്രേലിയൻ ജൂത സമൂഹത്തിന് തൻ്റെ പിന്തുണ പ്രകടിപ്പിക്കാനാണ് പ്രധാനമന്ത്രി സിനഗോഗിൽ സന്ദർശനം നടത്തിയത്. സംഭവം ഭീകരാക്രമണമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിശദമായ അന്വേഷണം നടന്നുവരികയാണ്.
സന്ദർശനത്തിനു പിന്നാലെ ജൂത ലേബർ എംപി ജോഷ് ബേൺസ്, സിനഗോഗിലെ റബ്ബി, പ്രദേശവാസികൾ എന്നിവരുമായി അൽബനീസി കൂടിക്കാഴ്ച നടത്തി. സിനഗോഗ് പുനർനിർമ്മിക്കാൻ സാമ്പത്തിക സഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സിനഗോഗ് സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഈ ആക്രമണം ഒരു തീവ്രവാദ പ്രവർത്തനമായിരുന്നുവെന്നും അത് യഹൂദവിരുദ്ധതയിൽ നിന്നുണ്ടായതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയ സമാധാനപരമായ രാജ്യമാണ്. വ്യത്യസ്ത വിശ്വാസമുള്ള ആളുകളെ ബഹുമാനിക്കുന്ന രാജ്യമാണിത്. നാം ഈ ഘട്ടത്തിൽ ഒരുമിച്ചുനിൽക്കണം. സമൂഹം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ എന്ത് പിന്തുണയും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അൽബനീസി കൂട്ടിച്ചേർത്തു.
2023ൽ ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം ഓസ്ട്രേലിയയിൽ യഹൂദവിര്യദ്ധത വർധിക്കുന്നതിൽ അൽബനീസി സർക്കാർ വിമർശനങ്ങൾ നേരിട്ടിരുന്നു.സിനഗോഗിൽ അഗ്നിബാധയുണ്ടായ ഉടനെ പ്രധാനമന്ത്രി സംഭവ സ്ഥലം സന്ദർശിച്ചില്ലെന്ന് രാഷ്ട്രീയ എതിരാളികൾ കുറ്റപ്പെടുത്തി. ആക്രമണത്തിന് തൊട്ടുപിന്നാലെ പെർത്തിൽ പരിപാടികളിൽ പങ്കെടുക്കുകയും ടെന്നീസ് കളിക്കുകയും ചെയ്തതായും വിമർശനമുയർന്നു.
പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൻ്റെ വിമർശനത്തെത്തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ആക്രമണത്തെ ഭീകരവാദമെന്ന് വിശേഷിപ്പിച്ചത്. യഹൂദ സമൂഹത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി പദ്ധതിയിട്ടിട്ടുണ്ട്.