ടെക് ഭീമനായ മൈക്രോസോഫ്റ്റിന് വൻതുക പിഴ ചുമത്തി അമേരിക്ക.200 ലക്ഷം ഡോളറാണ് പിഴയായി കമ്ബനി അടയ്ക്കേണ്ടത്. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളില്‍ നിന്ന് അനധികൃതമായി വിവരങ്ങള്‍ ശേഖരിച്ച കുറ്റത്തിനാണ് പിഴ ചുമത്തിയത്. യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ (എഫ്ടിസി) കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അമേരിക്കയിലെ എക്സ്ബോക്സ് എന്ന ഗെയിമിങ് സിസ്റ്റത്തില്‍ സൈൻ അപ്പ് ചെയ്ത കുട്ടികളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു എന്നതാണ് മൈക്രോസോഫ്റ്റിനെതിരായ കുറ്റം. രാജ്യത്ത് കുട്ടികളുടെ ഓണ്‍ലൈൻ ഉപയോഗവുമായി ബന്ധപ്പെട്ട ചില്‍ഡ്രൻസ് ഓണ്‍ലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്റ്റിന്റെ ലംഘനമാണ് കമ്ബനി നടത്തിയത് എന്നാണ് ആരോപണം. എക്സ്ബോക്സ് ഗെയിമിങ് സിസ്റ്റത്തില്‍ സൈൻ അപ്പ് ചെയ്ത കുട്ടികളില്‍ നിന്ന് മാതാപിതാക്കളെ അറിയിക്കാതെയും അവരുടെ സമ്മതം വാങ്ങാതെയും വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ കൈവശംവച്ച് നിയമ ലംഘനം നടത്തി എന്നാണ് ആരോപണം.
കമ്ബനിയുടെ ഓണ്‍ലൈൻ ഗെയിമിങ് സിസ്റ്റത്തില്‍ നിയമങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ഫെഡറല്‍ ട്രേഡ് കമ്മീഷൻ നിര്‍ദേശിച്ചു. മൈക്രോസോഫ്റ്റ് കുട്ടികളുടെ ഡാറ്റ പങ്കിടുന്ന മൂന്നാംകക്ഷിക്കും പരിരക്ഷകള്‍ വ്യാപിപ്പിക്കണം. കുട്ടികളുടെ വിവരങ്ങള്‍ ഏതെങ്കിലും മൂന്നാംകക്ഷിക്ക് കൈമാറുന്നതിനിടയായാല്‍ ഓണ്‍ലൈൻ സ്വകാര്യതാ നിയമം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കുട്ടികളുടെബയോ മെട്രിക് വിവരങ്ങള്‍, ആരോഗ്യ വിവരങ്ങള്‍ തുടങ്ങിയവ ഈ നിയമത്തിന്റെ പരിധിയില്‍ വരും.
13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന ഓണ്‍ലൈൻ സേവനങ്ങളും വെബ്സൈറ്റുകളും ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കുട്ടികളുടെ ഏതെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും മുൻപായി രക്ഷിതാക്കളുടെ സമ്മതം തേടണമെന്നും നിയമത്തില്‍ നിര്‍ദേശിക്കുന്നു.
കുട്ടികളുടെ സ്വകാര്യതാ നിയമം ലംഘിച്ചതിന്റെ പേരില്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ ആരോപണങ്ങളെത്തുടര്‍ന്ന് മറ്റൊരു ടെക് ഭീമനായ ആമസോണില്‍നിന്ന് 250 ലക്ഷം ഡോളര്‍ പിഴ ഈടാക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു. മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയും കുട്ടികളുടെ ശബ്ദ റെക്കോര്‍ഡുകള്‍ അനധികൃതമായി സൂക്ഷിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് ആമസോണിന് പിഴ ചുമത്തിയത്.