കാൻബറ: സ്മാർട് ഫോൺ ആപ്ലിക്കേഷനിലൂടെ ഉപയോക്തൃ വിവരങ്ങൾ ശേഖരിച്ചതിന് ഫേസ്ബുക്ക് ഉടമയായ മെറ്റയ്ക്ക് പിഴ ഈടാക്കി ഓസ്ട്രേലിയ. മെറ്റ 20 മില്യൺ ഓസ്ട്രേലിയൻ ഡോളർ പിഴ അടക്കണമെന്ന് ഓസ്ട്രേലിയൻ ഫെഡറൽ കോടതി ഉത്തരവിട്ടു.കൂടാതെ നിയപരമായ ചെലവായി അനുബന്ധ സ്ഥാപനങ്ങളായ ഫേസ്ബുക്ക് ഇസ്രായേലിനോടും ഒനാവോ എന്നിവ മുഖേന 400,000 ഓസ്ട്രേലിയൻ ഡോളർ, ഓസ്ട്രേലിയൻ കോമ്പിറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മിഷന് (എ.സി.സി.സി) നൽകണമെന്നും കോടതി ഉത്തരവിട്ടു.
നേരത്തെ മെറ്റയ്ക്കെതിരെ കമ്മിഷൻ സിവിൽ കേസ് എടുത്തിരുന്നു. എന്നാൽ 2016 മുതൽ 2017 അവസാനം വരെ ഫേസ്ബുക്ക് ഓഫർ ചെയ്ത ഒനാവോ എന്ന വി.പി.എൻ സേവനവുമായി ബന്ധപ്പെട്ടാണ് വിധി വന്നിരിക്കുന്നത്.
ഫേസ്ബുക്ക് അതിന്റെ ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണെന്ന് ഒനാവോ പരസ്യം ചെയ്തിരുന്നു. എന്നാൽ ഉപയോക്താക്കൾ സന്ദർശിച്ച മറ്റ് സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ, വെബ്സൈറ്റുകൾ എന്നിവ ഉപയോഗിച്ച് ആളുകളുടെ സ്ഥലം, സമയം, മറ്റ് വിവരങ്ങൾ ചോർത്തിയതായി ജഡ്ജി വെൻഡി എബ്രഹാം ബുധനാഴ്ച വിധിന്യായത്തിൽ പറഞ്ഞു.’എതിർകക്ഷി മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടു. ഓസ്ട്രേലിയക്കാർ 271,220 തവണ ആപ്പ് ഡൗൺലോഡ് ചെയ്തതിനാൽ കോടതിക്ക് നൂറുകണക്കിന് ബില്യൺ ഡോളർ പിഴ മെറ്റയക്കെതിരെ ചുമത്താം. ഉപഭോക്തൃ നിയമത്തിന്റെ ഓരോ ലംഘനത്തിനും 1.1 മില്യൺ ഓസ്ട്രേലിയൻ ഡോളർ (743,721 ഡോളർ) പിഴയും ഈടാക്കാവുന്നതാണ്’ – കോടതി വ്യക്തമാക്കി. അതേസമയം പിഴ മെറ്റ അംഗീകരിച്ചിട്ടുണ്ട്.
ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും എ.സി.സി.സി അത് അംഗീകരിച്ചിട്ടുണ്ടെന്നും മെറ്റ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡാറ്റ ഉപയോഗിക്കുന്നതിൽ ആളുകൾക്ക് കൂടുതൽ സുതാര്യതയും നിയന്ത്രണവും നൽകുന്ന ഉപകരണങ്ങൾ തങ്ങൾ നിർമിച്ചിട്ടുണ്ടെന്നും മെറ്റ പ്രസ്താവനയിൽ പറഞ്ഞു.വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയൻ ഉപഭോക്താക്കളുടെ ഡാറ്റയ്ക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ഓസ്ട്രേലിയൻ കൺസ്യൂമർ കമ്മിഷൻ അന്വേഷിക്കണമെന്ന് എ.സി.സി.സി ചെയർ ഗിന കാസ്-ഗോട്ട്ലീബും ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷം 116 ബില്യൺ ഡോളറിന്റെ ആഗോള വരുമാനമാണ് മെറ്റ നേടിയത്.