ബ്യൂണസ് ഐറിസ്: സൂപ്പർ താരം ലിയോണൽ മെസ്സിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്. മെസ്സിക്കെതിരെ കൈപ്പടയിൽ എഴുതിയ ഭീഷണി സന്ദേശവും ഉപേക്ഷിച്ചാണ് അക്രമികൾ മടങ്ങിയത്. പുലർച്ചെ മൂന്നിന് രണ്ട് പേർ മോട്ടോർ ബൈക്കിൽ വരുന്നത് കണ്ടതായി ദൃക്സാക്ഷി സ്ഥിരീകരിച്ചു. അവരിൽ ഒരാൾ വെടിയുതിർത്ത ശേഷം കുറിപ്പ് താഴെയിട്ട് ഓടി രക്ഷപ്പെട്ടു.
‘മെസി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിൻ ഒരു നാർക്കോയാണ്. അവൻ നിങ്ങളെ പരിപാലിക്കില്ല’- കുറിപ്പിൽ പറയുന്നു. സൂപ്പർമാർക്കറ്റിന്റെ സമീപത്തുനിന്ന് 14 ബുള്ളറ്റുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെസിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിൻ. മെസ്സിയുടെ ഭാര്യ അന്റോനല്ല റോക്കൂസോയുടെ കുടുംബത്തിന്റേതാണ് സൂപ്പർമാർക്കറ്റെന്ന് ജാവ്കിൻ സ്ഥിരീകരിച്ചു. നഗരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയെന്നാണ് അക്രമികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മെസ്സിക്കെതിരായ ആക്രമണത്തേക്കാൾ വേഗത്തിൽ ലോകത്ത് വാർത്ത മറ്റേതാണ്. ആളുകളടെ ശ്രദ്ധപിടിച്ചുപറ്റാനാണ് അക്രമം നടത്തിയതെന്നും അദ്ദേഗം പറഞ്ഞു.