മെൽബൺ: കൂദാശാ കർമ്മത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മെൽബൺ സെൻ്റ് അൽഫോൻസാ കത്തീഡ്രൽ. ഇനി നാല് ദിവസങ്ങൾ മാത്രമാണ് വിശ്വാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ ചടങ്ങിന് ബാക്കിയുള്ളത്. ചടങ്ങുകൾക്കായി മാർ റാഫേൽ തട്ടിൽ പിതാവ് 22-ന് തന്നെ മെൽബണിൽ എത്തിച്ചേരും.
നവംബർ 23-ന് നടക്കുന്ന കൂദാശാ കർമ്മങ്ങളുടെ മുഖ്യകാർമ്മികത്വം സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വഹിക്കും. മെൽബൺ രൂപതയുടെ ആദ്യ മെത്രാനായിരുന്ന മാർ ബോസ്കോ പുത്തൂർ, ഇപ്പോഴത്തെ രൂപതാധ്യക്ഷനായ മാർ ജോൺ പനംതോട്ടത്തിൽ തുടങ്ങിയവർ സഹകാർമ്മികത്വം വഹിക്കും. ഓസ്ട്രേലിയയിൽ നിന്നും വിദേശത്ത് നിന്നുമുള്ള നിരവധി മെത്രാന്മാർ, വൈദികർ, രാഷ്ട്രീയ നേതാക്കൾ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
കത്തീഡ്രൽ പള്ളിക്കകത്ത് അവസാനവട്ട മിനുക്കുപണികൾ നടന്നുകൊണ്ടിരിക്കുകയാണ്. പള്ളിയങ്കണത്തിൽ കൽക്കുരിശും കൊടി മരവും സ്ഥാപിച്ചു.
കൺവീനർ ഷിജി തോമസിൻ്റെയും കൈക്കാരന്മാരായ ആൻ്റോ അവരപ്പാട്ടിൻ്റെയും ക്ലീറ്റസ് ചാക്കോയുടെയും മറ്റു കമ്മറ്റി അംഗങ്ങളുടെയും നേത്യത്വത്തിൽ നടക്കുന്ന വർക്കിങ് ‘ബി’ യിലേക്ക് ഇടവകാംഗങ്ങൾ എല്ലാവരും തങ്ങളാൽ കഴിയുംവിധം സഹായങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു എന്നുള്ളത് പ്രശംസാർഹമാണ്.
നമ്മുടെ ആരാധനാ ക്രമത്തിലെ അവസാന കാലമായ പള്ളിക്കൂദാശാ കാലത്തിൽ തന്നെ നമ്മുടെ ദേവാലയത്തിന്റെ കൂദാശ നടക്കുന്നത് വളരെ ശ്രദ്ധേയവും അനുഗ്രഹദായകവുമാണെന്ന് കത്തീഡ്രൽ വികാരി ഫാ. വർഗീസ് വാവോലിൽ പറഞ്ഞു.
സ്വന്തമായ ഒരു ദേവാലയം എന്ന കത്തീഡ്രൽ ഇടവാകാംഗങ്ങളുടെ വർഷങ്ങളായുള്ള പ്രാർഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിലാണ് സെൻ്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയം കൂദാശയ്ക്കായി ഒരുങ്ങുന്നത്.
മെൽബൺ സിറ്റിയിൽ നിന്നും മെൽബൺ എയർപോർട്ടിൽ നിന്നും അധികം ദൂരത്തിലല്ലാതെ, എപ്പിങ്ങിൽ ഹ്യൂം ഫ്രീവേക്ക് സമീപം 53 മക്കെല്ലാർ വേയിൽ, ഇടവക സ്വന്തമാക്കിയ 3 ഏക്കറോളം വരുന്ന സ്ഥലത്താണ് ദേവാലയം പണി പൂർത്തിയായിരിക്കുന്നത്. 1711 സ്ക്വയർ മീറ്ററിൽ പൗരസ്ത്യ പാരമ്പര്യ തനിമയോടെ അതിമനോഹരമായാണ് കത്തീഡ്രൽ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്. ബാൽക്കണിയും കൈകുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്കുള്ള മുറിയും ഉൾപ്പെടെ 1000 ത്തോളം പേർക്ക് ഒരേസമയം തിരുക്കർമങ്ങളിൽ പങ്കെടുക്കാനുള്ള സൗകര്യം കത്തീഡ്രലിൽ ഉണ്ടായിരിക്കും.
പള്ളിയുടെ ഭാഗമായി തന്നെ നൂറോളം പേർക്കിരിക്കാവുന്ന ചാപ്പലും 150 ഓളം കാർ പാർക്കിങ്ങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസ പരിശീലനത്തിനു വേണ്ടിയുള്ള ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേർന്ന് നിർമിച്ചിട്ടുണ്ട്. സ്റ്റേജും 500 ഓളം പേർക്കിരിക്കാവുന്ന ആധ്വനിക സൗകര്യങ്ങളും അടുക്കളയുമുള്ള പാരീഷ് ഹാളും നിർമ്മാണം പൂർത്തിയാക്കി 2022 നവംബറിൽ വെഞ്ചിരിച്ചിരുന്നു.
2013 ഡിസംബർ 23 നാണ് മെൽബൺ ആസ്ഥാനമായും മെൽബൺ നോർത്ത് ഇടവക രൂപതയുടെ കത്തീഡ്രലായും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സിറോ മലബാർ രൂപതയായി മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപത പ്രഖ്യാപിച്ചത്. രൂപതാ സ്ഥാപനത്തിൻ്റെ 10-ാം വാർഷിക വേളയിലാണ് മെൽബൺ സിറോ മലബാർ രൂപത കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഇടവക സമൂഹങ്ങളുടെയും സ്വപനമായിരുന്ന കത്തീഡ്രൽ ദേവാലയം പൂർത്തീകരിക്കപ്പെടുന്നത്. 550 ഓളം കുടുംബങ്ങളുള്ള കത്തീഡ്രൽ ഇടവകയിലെ വിശ്വാസി സമൂഹത്തിൻ്റെ കഴിഞ്ഞ 15 വർഷങ്ങളായുള്ള പ്രാർഥനയുടെയും ത്യാഗത്തിൻ്റെയും കൂട്ടായ്മയുടെയും ഫലമാണ് സെൻ്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയം .