മെൽബൺ: ലോകരക്ഷകനായ ഈശോ മനുഷ്യവതാരത്തിലൂടെ നമ്മുടെ ഇടയിൽ വസിച്ചതിന്റെ 2025-ാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി പരിശുദ്ധ ജോൺ പോൾ മാർപാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിൽ മെൽബൺ രൂപതയിൽ നടത്താൻ ഉദ്ദേശിക്കുന്ന വിവിധ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ പിതാവ് എഴുതിയ സർക്കുലറിലൂടെയാണ് ജൂബിലി വർഷത്തിൽ സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയത്തെ മെൽബൺ രൂപതയുടെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയാണെന്ന് പിതാവ് അറിയിച്ചത്.
രൂപതയുടെ ഹൃദയദേവാലയമായ മെൽബണിലെ സെന്റ് അൽഫോൻസ കത്തീഡ്രൽ ഈ ജൂബിലി വർഷത്തിൽ മെൽബൺ രൂപതയിലെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയാണെന്നും രൂപതയിലെ സാധിക്കുന്ന എല്ലാ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും വികാരി അച്ചന്മാരുടെ നേതൃത്വത്തിൽ എല്ലാവരും കത്തീഡ്രൽ ദേവാലയം സന്ദർശിച്ച് വിശുദ്ധ കുർബാനയിലും അനുരഞ്ജനകൂദാശയിലും പങ്കുചേരുന്നതും അർത്ഥപൂർണ്ണമാണെന്ന് പിതാവ് അറിയിച്ചു. ഡിസംബർ 24 ന് രാത്രി 9 മണിക്ക് കത്തീഡ്രൽ ദേവാലയത്തിൽ ജോൺ പനംതോട്ടത്തിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലി മധ്യേ പിതാവ് ജൂബിലി തിരി തെളിയിച്ചു കൊണ്ട് മെൽബൺ സീറോ മലബാർ രൂപതയുടെ 2025 ജൂബിലി വർഷ ആചരണം ഔദ്യോഗികമായി ആരംഭിക്കും.
ക്രിസ്തുമസ്സ് ദിനത്തിൽ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ജൂബിലി തിരി തെളിയിച്ച് ജൂബിലി പ്രാർത്ഥന ചൊല്ലിക്കൊണ്ട് ജൂബിലി വർഷം ഔദ്യോഗികമായി ആരംഭിക്കാനും, ജൂബിലി വർഷത്തോടനുബന്ധിച്ച് മാർപാപ്പയുടെ ആഹ്വാനം അനുസരിച്ച് സാധിക്കുന്നവരെല്ലാം രൂപതയുടെ നേതൃത്വത്തിൽ റോമിലേക്കും ചുറ്റുമുള്ള മറ്റു തീർത്ഥാടനകേന്ദ്രങ്ങളിലേക്കും നടത്തുന്ന തീർത്ഥാടന യാത്രയിൽപങ്കെടുക്കാനും ജോൺ പിതാവ് ആഹ്വാനം ചെയ്തു.ജൂബിലി വർഷത്തിൽ എല്ലാ ഇടവകകളിലും മിഷനുകളിലും മാതാപിതാക്കള്ക്കും യുവാക്കൾക്കും കുട്ടികൾക്കും പ്രത്യേക നവീകരണധ്യാനങ്ങൾ നടത്താനും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നാലു പ്രമാണരേഖകളെ കുറിച്ചുള്ള ഓൺലൈൻ ക്ലാസുകൾ രൂപത അംഗങ്ങൾക്കായി ഒരുക്കകയും ചെയ്യുന്നുണ്ടെന്നും പിതാവ് അറിയിച്ചു. ആഗതമാകുന്ന ക്രിസ്തുമസ്സിന്റെയും ജൂബിലിവർഷത്തിന്റെയും മംഗളങ്ങൾ എല്ലാവർക്കും നേർന്ന് കൊണ്ടാണ് ജോൺ പനംതോട്ടത്തിൽ പിതാവ് സർക്കുലർ ഉപസംഹരിക്കുന്നത്.
സെന്റ് അൽഫോൻസ കത്തിഡ്രൽ ദേവാലയത്തെ രൂപതയുടെ തീർത്ഥാടനകേന്ദ്രമായുള്ള പിതാവിന്റെ പ്രഖ്യാപനത്തെ ഏറ്റവും സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നും , തീർത്ഥാടനത്തായി വരുന്ന എല്ലാവർക്കും കത്തീഡ്രൽ ഇടവകസമൂഹത്തിന്റെ നേതൃത്വത്തിൽ എല്ലാവിധ സൗകര്യങ്ങൾ ഒരുക്കുമെന്നും കത്തീഡ്രൽ വികാരി ഫാദർ വർഗ്ഗീസ് വാവോലിൽ അറിയിച്ചു.