മെൽബൺ: ഓസ്ട്രേലിയയിലെ സിറോ മലബാർ വിശ്വാസികൾക്ക് ഇത് അഭിമാന നിമിഷം. വിശ്വാസി സമൂഹത്തിന്റെ ചിരകാല സ്വപ്നത്തിന് പരിസമാപ്തി കുറിച്ച് മെൽബൺ സെൻ്റ് അൽഫോൻസ കത്തീഡ്രൽ ഭക്തിസാന്ദ്രവും പൈതൃക സമ്പന്നവുമായ ചടങ്ങിൽ കൂദാശ ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമൊടുവിലാണ് ഈ സുദിനത്തിൽ ഓസ്ട്രേലിയയിലെ സിറോ മലബാർ വിശ്വാസികൾക്കായി ഒരു കത്തീഡ്രൽ ദേവാലയം എന്ന സ്വപ്ന സാഫല്യമുണ്ടായത്.പുതുമോടിയോടെ വിളങ്ങി നിന്ന ദേവാലയത്തിൽ ശനിയാഴ്ച (23-11-2024) മെൽബൺ സമയം രാവിലെ ഒൻപതിനാണ് കൂദാശ തിരുക്കർമങ്ങൾ ആരംഭിച്ചത്. ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മെത്രന്മാർ, വൈദികർ, സന്യസ്തർ, രണ്ടായിരത്തിലേറെ വിശ്വാസികൾ, ഓസ്ട്രേലിയയിലെ രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ എത്തിയിരുന്നു.
രാവിലെ 7.30 നു തന്നെ ദേവാലയത്തിൽ വിശ്വാസികൾ നിറഞ്ഞുകവിഞ്ഞിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുട പിടിച്ച മാതൃവേദി അംഗങ്ങളും വെള്ള ഉടുപ്പുകളിട്ട ബാലികമാരും വിശിഷ്ടാതിഥികളെ എതിരേറ്റു.സിറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ കത്തീഡ്രൽ കവാടത്തിലെ റിബൺ മുറിച്ച് കൂദാശാ തിരുക്കർമങ്ങൾക്ക് തുടക്കം കുറിച്ചു. ഒൻപതരയോടെ അൾത്താര സംഘത്തിൻ്റെ അകമ്പടിയോടെ തിരുവസ്ത്രങ്ങളണിഞ്ഞ മുഖ്യകാർമ്മികനും സഹകാർമ്മികരും ശുശ്രൂഷികളും പ്രദക്ഷിണമായി പ്രധാന കവാടത്തിലൂടെ ദേവാലയത്തിൽ പ്രവേശിച്ചു. 40 പേരടങ്ങുന്ന ഗായക സംഘം ആലപിച്ച ഗാനങ്ങൾ ദേവാലയ അന്തരീക്ഷത്തെ കൂടുതൽ ഭക്തിസാന്ദ്രമാക്കി.
മെൽബൺ രൂപതാധ്യക്ഷനായ മാർ. ജോൺ പനന്തോട്ടത്തിൽ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. തിരുക്കർമങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പ്രധാന കാർമികനായി. മാർ. ജോൺ പനന്തോട്ടത്തിൽ, മെൽബൺ രൂപതയുടെ ആദ്യ മെത്രാനായിരുന്ന മാർ ബോസ്കോ പുത്തൂർ എന്നിവർ സഹാകാർമികരായിരുന്നു.ബൈബിൾ പ്രഘോഷണത്തിനും വചന സന്ദേശത്തിനും ശേഷം മുഖ്യകാർമ്മികൻ തിരുക്കർമ്മങ്ങളുടെ സർവപ്രധാന കർമ്മമായ ബലിപീഠം കൂദാശ ചെയ്തു. അതിനു ശേഷം ദേവാലയവും ദേവാലയത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങളും ആശീർവദിച്ചു. തുടർന്ന് മേജർ ആർച്ച് ബിഷപ്പ് വചനസന്ദേശം നൽകി. അതിനു ശേഷം കൂദാശയുടെ സ്വപ്രധാന കർമ്മമായ ബൈബിൾ പ്രതിഷ്ഠ ഇടവക വികാരിയായ ഫാ. വർഗീസ് വാവോലി നിർവഹിച്ചു.
വിശുദ്ധ കുർബാനയ്ക്കു ശേഷം, കത്തീഡ്രലിൻ്റെ കൂദാശയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘എക്സോഡസ് (ജേർണി ഓഫ് ഫെയ്ത്ത്) സുവനീറിൻ്റെ പ്രകാശനം കത്തിഡ്രലിന്റെ പ്രഥമ ബിഷപ് ബോസ്കോ പുത്തൂർ നിർവഹിച്ചു. സുവനീറിൻ്റെ ആദ്യ കോപ്പി മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ കമെൻസോളിക്ക് നൽകി. 182 പേജുകളുള്ള സുവനീറിൽ മെൽബൺ സിറോ മലബാർ സമൂഹത്തിൻ്റെ വളർച്ചയുടെ ചരിത്രവും ഫ്രാൻസിസ് പാപ്പയുടെയും മറ്റു മെത്രാൻമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ആശംസകളും മറ്റു പലരുടെയും ചെറു ലേഖനങ്ങളുടെയും സമാഹാരങ്ങളാൽ സമ്പന്നമാണ്.
ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക സന്ദേശവും സമ്മാനവും ഉണ്ടായിരുന്നു. തിരുക്കർമ്മങ്ങൾ 12.30-ന് സമാപിച്ചു. ഇടവക വികാരി ഫാ. വർഗീസ് വാവോലി നന്ദി പ്രകാശിപ്പിച്ചു.ഏകദേശം മൂവായിരത്തോളം ആളുകൾ തിരക്കർമ്മങ്ങളിൽ സംബന്ധിച്ചു. കൂദാശാ കർമ്മങ്ങളുടെ ഓദ്യോഗിക ടെലികാസ്റ്റ് ശാലോം മീഡിയ ഓസ്ട്രേലിയയാണ് നിർവഹിച്ചത്. തിരുക്കർമ്മങ്ങൾക്കു ശേഷം എല്ലാവർക്കുമായി സ്നേഹ വിരുന്നും ഉണ്ടായിരുന്നു.