കാന്‍ബെറ: മെല്‍ബണില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി വിക്ടോറിയ പോലീസ് അറിയിച്ചു.
ജനുവരി 29ന് ഫെഡറേഷന് സ്ക്വയറില്‍ വച്ച് നടന്ന സംഘര്‍ഷമാണ് കേസിനാധാരം. സംഭവത്തില്‍ ഇതുവരെ 5 പേര് അറസ്റ്റിലായതായി വിക്ടോറിയ പോലീസ് വ്യക്തമാക്കി. ആയുധങ്ങളുപയോഗിച്ച് ഖാലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തുകയും നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നാണ് വിവരം.
ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കുകയില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ആരാധനാലയങ്ങള്‍ക്കും ഹിന്ദു ക്ഷേത്രങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അത്തരം വിദ്വേഷ നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഉറപ്പുനല്‍കി.