അങ്കമാലി : സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നാമധേയത്തിലുള്ള മൈനർ സെമിനാരിയുടെ അടിസ്ഥാന ശിലാസ്ഥാപനം ബിഷപ്പ് മാർ ബോസ്കോ പുത്തൂർ നിർവഹിച്ചു. അങ്കമാലിക്കടുത്ത് കോക്കുന്ന് സെൻ്റ് ജോസഫ് ദേവാലയത്തിന് സമീപം മെൽബൺ രൂപതക്ക് ലഭിച്ച ഒരേക്കർ സ്ഥലത്താണ് സെമിനാരിയും അനുബന്ധ സൗകര്യങ്ങളുമായുള്ള കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുന്നത്.
2016 ജൂണിൽ തൃശൂരിനടുത്ത് പഴയന്നൂരിൽ മലബാർ മിഷനറി ബ്രദേഴ്സിന്റെ ഭവനത്തിലാണ് മൈനർ സെമിനാരി താല്ക്കാലികമായി പ്രവർത്തനം ആരംഭിച്ചത്. മെൽബൺ രൂപതക്ക് സ്വന്തമായ വൈദികർ എന്ന ആഗ്രഹത്തോടെ രൂപതയുടെ പ്രഥമ പിതാവ് ബിഷപ്പ് ബോസ്കോ പുത്തൂരാണ് സെമിനാരിക്ക് തുടക്കം കുറിക്കുന്നത്. നിലവിൽ അങ്കമാലിക്കടുത്ത് തിരുമുടിക്കുന്നിൽ താല്ക്കാലിക കെട്ടിടത്തിലാണ് സെമിനാരി പ്രവർത്തിക്കുന്നത്. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ മൈനർ സെമിനാരിയിൽ വൈദികപരിശീലനം നടത്തുന്നുണ്ട്.
മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ സി.എം.ഐ. വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, മൈനർ സെമിനാരി റെക്ടർ ഫാദർ ലോറൻസ് തൈക്കാട്ടിൽ, പ്രൊക്യുറേറ്റർ ഡോ. ജോൺസൺ ജോർജ്ജ്, കോക്കുന്ന് സെൻ്റ് ജോസഫ് ഇടവക വികാരി ഫാദർ ഷാജൻ പുത്തൻപുരയ്ക്കൽ, മെൽബൺ രൂപതയിൽ സേവനം ചെയ്യുന്ന വൈദികർ, സെമിനാരി വിദ്യാർത്ഥികൾ എന്നിവർ ശിലാസ്ഥാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.