മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഈ വർഷത്തെ ഇടവകദിനവും കൂടാരയോഗവാർഷികവും പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഓഗസ്റ്റ് മാസം 5-)0 തിയതി ശനിയാഴ്ച രാവിലെ 10.30 മുതൽ 5 മണി വരെ, നോബിൾ പാർക്ക് സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയിൽ വെച്ചാണ്, പാരമ്പര്യം തലമുറകളിലേക്ക് എന്ന ആപ്തവാക്യം മുറുകെപ്പിടിച്ചു, ഇടവകദിനം സംഘടിപ്പിച്ചത്.വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച ആഘോഷ പരിപാടികൾ, ഇടവക വികാരി റെവ: ഫാ: അഭിലാഷ് കണ്ണാമ്പടം ഉദ്ഘാടനം ചെയ്തു. പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ മുഖ്യപ്രഭാഷണം നടത്തി. ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ സ്വാഗതവും, ഇടവകദിനം കോർഡിനേറ്റർ മനോജ് വള്ളിത്തോട്ടം നന്ദിയും പ്രകാശിപ്പിച്ചു. കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, കൂടാരയോഗം പ്രെസിഡന്റുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഇടവകദിനത്തിനോടനുബന്ധിച്ചു, ഇടവകയിലെ കുട്ടികളും, മുതിർന്നവരും ചേർന്ന്, മെഗാ മാർഗ്ഗംകളി അവതരിപ്പിച്ചു. 40ഓളം മാർഗ്ഗംകളിക്കാർ അവരുടെ അരങ്ങേറ്റവും ഇതോടൊപ്പം നടത്തുകയും ചെയ്തു.
മെൽബണിൽ ആവേശപൂർവ്വം നടത്തിയ ക്നാനായ കർഷകശ്രീ മത്സര വിജയികളെ, ഈ വേദിയിൽ വെച്ച് പ്രഖ്യാപിക്കുകയും, മത്സരവിജയികൾക്കുള്ള അവാർഡുകളും, മത്സരത്തിൽ പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും, വിതരണം ചെയ്യുകയും ചെയ്തു.വിവിധ കൂടാരയോഗങ്ങളിലായി, ഇടവകയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കുകയും, പത്താം വാർഷികാഘോഷ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി, അഹോരാത്രം പരിശ്രെമിക്കുകയും ചെയ്ത, മുഴുവൻ കൂടാരയോഗം ഭാരവാഹികളെയും, ഈ വേദിയിൽ വെച്ച് ആദരിച്ചു. കൂടാതെ, ഇടവകയുടെ മതബോധന ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്ന എല്ലാ വേദപാഠ അധ്യാപകരെയും, വേദിയിൽ ആദരിച്ചു.ഇടവകയിലെ കുട്ടികൾക്കായി, ഓസ്ട്രേലിയായിലെ ഡിസ്കോ പാർട്ടിയിലും, മാജിക് ഷോയിലും, ടൺ കണക്കിന് ഫൺ ഷോകളിലും പ്രസിദ്ധയായ കലാകാരി, ജെസ്സിക്കായുടെ നേതൃത്വത്തിൽ, ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടികളും ഒരുക്കിയിരുന്നു.
പത്താം വാർഷികം സമാപന സമ്മേളനത്തിനായി, ഫണ്ട് കണ്ടെത്തുവാനായി ഒരുക്കിയ സ്റ്റാളുകളും, ഗെയിമുകളും, ലേലം വിളികളും, ഒരു പെരുന്നാളിന്റെ പ്രതീതി സൃഷ്ട്ടിച്ചു. വിഭവ സമൃദ്ധമായ തീൻമുറ എല്ലാവരും ആസ്വദിച്ചു. പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗം ഭാരവാഹികൾ, പത്താം വാർഷികം കോർ കമ്മിറ്റി, ഇടവകദിനം കമ്മിറ്റി, പാരിഷ് വോളന്റീർസ് എന്നിവരുടെ നേതൃത്വത്തിൽ, ഇടവക സമൂഹം ഒത്തുചേർന്നു നടത്തിയ, ചിട്ടയായ പ്രവർത്തനങ്ങളാണ് ഇത്ര വലിയ വിജയം സമ്മാനിച്ചത്. പങ്കെടുത്ത എല്ലാവർക്കും എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു അനുഭവമായി ഈ വർഷത്തെ ഇടവകദിനാഘോഷവും കൂടാരയോഗവാർഷികവും എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ചു.